punjab

കൊച്ചി: ചൊവ്വാഴ്ച വോട്ടിംഗ് മെഷീനിൽ വിരലമർത്തുമ്പോൾ ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരായിരിക്കും കൊച്ചിയിൽ വോട്ട് ചെയ്യുന്ന പഞ്ചാബികളുടെ മനസിൽ. സംസ്ഥാനത്ത് പഞ്ചാബികളുള്ള പ്രധാന സ്ഥലമാണ് കൊച്ചി. 1965ലാണ് സിഖുകാരുടെ ആദ്യ തലമുറ ഇവിടെയെത്തിയത്. ഇപ്പോൾ 30-ാളം കുടുംബങ്ങളുണ്ട് ഇവിടെ. ഭൂരിഭാഗവും ബിസിനസുകാർ. ഓട്ടോമൊബൈൽ, വസ്ത്രം, ഹോട്ടൽ മേഖലയിലാണ് പ്രവർത്തനം.

2015ൽ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവരിൽ അധികംപേരും ബി.ജെ.പിക്കാണ് വോട്ടു ചെയ്തത്. നാലു മാസം മുമ്പ് കാർഷികനയത്തിൽ പ്രതിഷേധിച്ച് സ്വന്തം നാട്ടുകാരും ബന്ധുക്കളും തെരുവിലിറങ്ങിയതോടെ കേന്ദ്രസർക്കാരിൽ വിശ്വാസം നഷ്ടമായെന്നാണ് ഇവർ പറയുന്നത്.

തങ്ങളുടെ രോഷം വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് കോൺവെന്റ് ജംഗ്ഷനിലെ വസ്ത്രവ്യാപാരി ധരംവീർ സിംഗ് (36) പറഞ്ഞു. കൊച്ചിയിലെ മൂന്നാം തലമുറ സിഖ് വംശജനാണ് ഇദ്ദേഹം.

വോട്ട് കർഷക സമരത്തിനുള്ള പിന്തുണ

കർഷക സമരത്തിനുള്ള പിന്തുണയാണ് തന്റെ വോട്ടെന്ന് ബാനർജി റോഡിലെ 'സർദാർജി കാ ഡബ്ബ' ഹോട്ടൽ നടത്തിപ്പുകാരി റൂഖി സിംഗ് പറഞ്ഞു. ഭർത്താവ് ധമൻപ്രീത് സിംഗും ഭർതൃപിതാവ് അമർജിത്‌സിംഗും ഹോട്ടൽ ബിസിനസിൽ പങ്കാളികളാണ്. റൂഖി സിംഗ് 15 വർഷം മുമ്പാണ് കൊച്ചിയിലെത്തിയത്. കർഷകസമരത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്ത രീതിയിലും അവശ്യവസ്തുക്കളുടെ വില വർദ്ധനയിലും തങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് കുടുംബം പറഞ്ഞു.

വോട്ട് വ്യക്തിപരം

കർഷക സമരം നീളുന്നതിലും അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതിലും പലർക്കും നിരാശയുണ്ടെന്നത് വാസ്തവമാണ്. ഞങ്ങളുടേത് ചെറിയ കമ്മ്യൂണിറ്റിയാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചാണ് എല്ലാ തവണയും വോട്ട്. അക്കാര്യത്തിൽ കൂട്ടായ തീരുമാനങ്ങളില്ല.

ഭുണ്ടിസിംഗ്,ബിസനസ്