കൊച്ചി: കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 700 കോടിയിലറെ രൂപയുടെ തട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സ്വദേശികളായ ജയറാം വാദ്ധ്യാർ, പി. ഗിരീഷ് കുമാർ തുടങ്ങിയവർ നൽകിയ ഹർജികളിലാണിത്.
നേരത്തെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സർക്കാരിന്റെയോ ഭവനനിർമ്മാണ ബോർഡിന്റെയോ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും നിർദ്ദേശിച്ചിരുന്നു. തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) ഇടപെട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുണ്ടെങ്കിലും എല്ലാവർക്കും തുക മടക്കി നൽകാൻ കഴിഞ്ഞിട്ടില്ല. കമ്പനിയുടെ ചില സ്വത്തുക്കൾ കണ്ടുകെട്ടിയെങ്കിലും അന്വേഷണം ഫലപ്രദമല്ലാത്തതിനാൽ മുഴുവൻ സ്വത്തും പിടിച്ചെടുക്കാനോ വകമാറ്റിയ പണം കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നും ഹർജിക്കാർ ആരോപിച്ചു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
75 കേസെന്ന് സർക്കാർ,
1000 എന്ന് ഹർജിക്കാർ
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു വിരമിക്കാറായ ജീവനക്കാരിൽ നിന്ന് മാസം തോറും പലിശ വാഗ്ദാനം ചെയ്ത് വൻതുക നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയെന്നാണ് പരാതി. കമ്പനിക്കെതിരെ 75 കേസുകൾ നിലവിലുണ്ടെന്ന് സർക്കാർ അറിയിച്ചു. ആയിരത്തോളം പേർക്ക് പണം നഷ്ടമായെന്നാണ് ഹർജിക്കാർ ആരോപിച്ചത്.