കൊച്ചി: യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. എറണാകുളം ഡി.സി.സി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനപത്രികയാണ് യു.ഡി.എഫിന്റേത്. 55 ശതമാനം സ്ഥാനാ‌ർത്ഥികളും പുതുമുഖങ്ങളാണ്.

തന്റെ 35 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇത്തരം അഴിമതികൾ കാണുന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ആർ.എസ്.എസ് രഹസ്യധാരണയുണ്ടെന്ന ആർ.എസ്.എസ് നേതാവ് ആർ. ബാലശങ്കറിന്റെ പ്രസ്താവനയിൽതന്നെ എല്ലാം വ്യക്തമാണ്.

മതത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നരേന്ദ്രമോദിയുടെ നീക്കം കേരളത്തിൽ വിലപ്പോകില്ല. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഐവാൻ ഡിസൂസ ആവശ്യപ്പെട്ടു.