അങ്കമാലി: മണ്ഡലം നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും വോട്ടുവിഹിതം വർദ്ധിപ്പിക്കാൻ എൻ.ഡി.എയും കച്ചമുറുക്കിയതോടെ അങ്കമാലിയിൽ തിരഞ്ഞെടുപ്പ് അങ്കം മുറുകി. എൽ.ഡി.എഫും യു.ഡി.എഫും അങ്കമാലിയുടെ വികസനവാദം നിരത്തി വോട്ടഭ്യർത്ഥിക്കുമ്പോൾ മാറിമാറി ഇരുമുന്നണികളേയും തിരഞ്ഞെടുത്തയച്ചിട്ടും മണ്ഡലത്തിലെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായില്ലെന്ന് എൻ.ഡി.എ ഓർമ്മപ്പെടുത്തുന്നു.

രണ്ട് പതിറ്റാണ്ടായി സജീവമായി നിൽക്കുന്ന അങ്കമാലി ബൈപ്പാസും കാലടി പാലവും തന്നെയാണ് ഇത്തവണയും മുഖ്യവിഷയമാക്കി മുന്നണികൾ കൊമ്പുകോർക്കുന്നത്. എൻ.ഡി.എ വിജയിച്ചാൽ ഇതു രണ്ടും കേന്ദ്രഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കുമെന്നാണ് അവരുടെ ഉറപ്പ്.

2016ൽ കന്നിയങ്കത്തിൽ എൽ.ഡി.എഫിലെ ബെന്നി മൂഞ്ഞേലിയെ തോല്പിച്ച് റോജി

എം.ജോണിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. സിറ്റിംഗ് എം.എൽ.എ റോജി. എം .ജോണിനെ നേരിടുന്നത് പത്തുവർഷം എം.എൽ.എ ആയിരുന്ന ജോസ് തെറ്റയിലാണ്.

22വർഷത്തിനുശേഷം 2006ലെ കന്നിയങ്കത്തിൽ കോൺഗ്രസിലെ പി.ജെ. ജോയിയെ തോല്പിച്ചാണ് ജോസ് തെറ്റയിൽ ജനപ്രതിനിധി ആയത്. പിന്നീട് 2011ലും സീറ്റ് നിലനിർത്തി. ആ പത്തു വർഷക്കാലത്തെ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ മുഖ്യപ്രചാരണം.

കന്നിയങ്കത്തിൽ തന്നെ വിജയം കൊയ്യുകയും യുവത്വത്തിന്റെ ഊർജസ്വലതയും കഴിഞ്ഞ 5 വർഷം അങ്കമാലിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിലെ റോജി.എം.ജോണിന്റെ പ്രചാരണം.

എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.വി. സാബു മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാണ് നടത്തുന്നത്. വിശ്വാസസംരക്ഷണവും മുഖ്യവിഷയമായി എൻ. ഡി.എക്ക് ഉയർത്തിക്കാട്ടുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മത്സരം ഫോട്ടോ ഫിനിഷിംഗിലേക്കാണ് നീങ്ങുന്നത്.