കൊച്ചി: കിഴക്കമ്പലം ട്വന്റി 20 എൽ.ഡി.എഫിന്റെ ബി ടീമാണെന്നും കമ്പനി മുതലാളിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമായാണ് ജില്ലയിൽ എട്ടിടത്ത് ഇവർ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നതെന്നും പി.ടി തോമസ് എം.എൽ.എ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ജില്ലയിൽ ഒമ്പത് മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പമാണ്. നിലവിലെ സാഹചര്യം പരിശോധിച്ചാൽ ഇത് 14ആയി ഉയരും. യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുക്കുകയാണ് രഹസ്യധാരണക്കാരുടെ ലക്ഷ്യം. ഇത് ജനം തിരിച്ചറിയണം.
2019ൽ അമേരിക്കയിലെ റോക്ക്ലാൻഡ് കൗണ്ടിയിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ട്വന്റി 20 പാർട്ടിയുടെ മേധാവിയും ഉണ്ടായിരുന്നു. രഹസ്യധാരണയുടെ തെളിവാണിത്.അവിടെ നിന്ന് പിരിച്ചെടുത്ത തുക എത്രയാണെന്നും അത് എങ്ങനെ വിനിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറയണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.