കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ടുകളുടെ രേഖ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്രിൽ നിന്നും സ്കാൻ ചെയ്ത് എടുത്തതാണെന്ന് എൻ.സി.പി നേതാവ് പി.സി. ചാക്കോ വാർത്താസമ്മേളത്തിൽ പറഞ്ഞു. ഏതാനും മാസം മുമ്പ് താനാണ് ഇതുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ കെ.പി.സി.സിക്ക് കൈമാറിയത്.

കോൺഗ്രസിന്റെ ഒരു പ്രവർത്തകൻ പോലും വീടുകളിൽ ചെന്ന് അന്വേഷിച്ചിട്ടില്ല. അതുകൊണ്ടാണ് ഗുരുതര പിഴവുകൾ വന്നത്. പ്രതിപക്ഷ നേതാവ് ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാത്രമാണ്. എൽ.ഡി.എഫിന്റെ പ്രകടനം വിലയിരുത്തി അതിനെതിരെ വോട്ട് പിടിക്കാൻ ഇവരാരും തയ്യാറല്ല. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ നിന്നും നിരവധി നേതാക്കൾ ഇടതുപക്ഷത്തേക്ക് വരും.

ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായുള്ള പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതത്. പല സംസ്ഥാനങ്ങലിലും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് -ഇടത് സംഖ്യം ഒന്നിച്ച് പ്രവർത്തിക്കുമ്പോഴും കേരളത്തിൽ നേതാക്കളെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന രീതിയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ള നേതാക്കൾ സ്വീകരിക്കുന്നത്. രാഹുലും പ്രിയങ്കയും ഉന്നയിക്കുന്ന ആരോപണങ്ങൾ ദേശീയ തലത്തിൽ ബി.ജെ.പിക്ക് എതിരെയുള്ള ഐക്യത്തിന് തിരിച്ചടിയാകും. കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ബഹുഭൂരിഭാഗം പേരും പ്രചാരണത്തിനായി കേരളത്തിൽ എത്തിയിട്ടില്ല. ദേശീയ നേതൃത്വം നിശബ്ദമാണെന്നും പി.സി ചാക്കോ പറഞ്ഞു.

.