കൊച്ചി: എൽ.ഡി.എഫിന്റെ തുടർഭരണവും വൈപ്പിൻ മണ്ഡലത്തിന്റെ സവിശേഷതകൾക്ക് അനുസൃതമായ സമഗ്ര പുരോഗതിയുമാണ് ലക്ഷ്യമിടുന്നതെന്ന് വൈപ്പിൻ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ മേൽക്കൈ നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലുമിത് ക്രമാനുഗതമായി വർദ്ധിച്ചു. ഇതിനകം ഒന്നേകാൽലക്ഷം വോട്ടർമാരോട് നേരിട്ട് ആശയവിനിമയം നടത്തി. നവമാദ്ധ്യമങ്ങളിലൂടെയും സംവദിച്ചു. നേരിട്ടുള്ള നാലുഘട്ട പ്രചാരണവും എൽ.ഡി.എഫിന്റെ സ്ക്വാഡ് പ്രവർത്തനവും പൂർത്തിയാക്കി.
മണ്ഡലത്തിന്റെ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക സവിശേഷതകൾ വ്യക്തമായി പഠിച്ച വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പ്രകടനപത്രിക തയ്യാറാക്കിയത്. വൈപ്പിന് മാത്രമായി പ്രത്യേക കുടിവെള്ള, സ്വീവേജ് പദ്ധതികൾ, കടലാക്രമണം തടയുന്നതിന് ജിയോ ടെക്‌സ്‌റ്റൈൽസ് ട്യൂബ് ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങൾ, കയറ്റുമതിക്കൊപ്പം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന മൂല്യവർദ്ധിത മത്സ്യോത്പന്ന യൂണിറ്റ് തുടങ്ങി നിരവധി പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്. കൊച്ചി തുറമുഖം, ട്രാക്കോ കേബിൾ, വാട്ടർ അതോറിട്ടി എന്നിവിടങ്ങളിലെ വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി, ഭിന്നശേഷിക്കാരുടെ സംഘടനയുടെ രക്ഷാധികാരി എന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങളും സൗഹൃദങ്ങളും പ്രവർത്തനത്തിന് ഗുണംചെയ്തതായും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.