കൊച്ചി: സ്വർണക്കടത്തുകേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകാൻ ഇ.ഡിക്ക് കഴിഞ്ഞില്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്‌ജി അവധിയിലായതിനാൽ ഹർജി നൽകാനായില്ലെന്നും അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കുമെന്നും ഇ.ഡിയുടെ അഭിഭാഷകൻ വ്യക്തമാക്കി. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന സന്ദീപിന്റെ പരാതിയിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇൗ കേസിൽ സന്ദീപിനെ രണ്ടു ദിവസം ജയിലിൽ ചോദ്യം ചെയ്യാനാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്‌ജി സുരേഷ് കുമാർ അനുമതി നൽകിയത്. എന്നാൽ ഇ.ഡിയുടെ കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സന്ദീപിനെ ചോദ്യം ചെയ്യാൻ തങ്ങളുടെ വാദം കേൾക്കാതെ നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാണ് ഇ.ഡി ആവശ്യപ്പെടുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. ഇ.ഡിയുടെ കേസിൽ ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. മാത്രമല്ല, കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലുമാണ്. ഇൗ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയ ഉത്തരവ് നിയമപരമല്ലെന്നും ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞു.