ആലുവ: പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആലുവ മണ്ഡലത്തിൽ മുന്നണികളുടെ പ്രചരണത്തിന് വീറും വാശിയുമേറി. കലാശക്കൊട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയതോടെ അതിന് മുമ്പായി ആവനാഴിയിലെ അവസാനഅടവും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനായി കെ.എസ്.യു - എം.എസ്.എഫ് പ്രവർത്തകർ സംയുക്തമായി നഗരത്തിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു. പഞ്ചാബിൽനിന്നുള്ള മന്ത്രിയും അൻവർ സാദത്തിനൊപ്പം റാലിയുടെ മുൻനിരയിൽ അ
ണിനിരന്നു. പ്രിയദർശിനി സാംസ്‌കാരിക വേദി ആലുവയുടെ നേതൃത്വത്തിൽ തെരുവ് നാടകം വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ചുണങ്ങംവേലി, അരമനക്കുന്ന്, പുഷ്പനഗർ, ലക്ഷംവീട്, എസ്.ഒ.എസ് ഗ്രാമം, മൂപ്പൻ കോളനി, കുഴിനികത്തിയിൽ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. മണപ്പുറം ഗണപതി ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തു. കീഴ്മാട്, കാഞ്ഞൂർ, ശ്രീമൂലനഗരം, ചെങ്ങമനാട്, നെടുമ്പാശേരി, എടത്തല എന്നിവിടങ്ങളിൽ കുടുംബസംഗമങ്ങളിലും പങ്കെടുത്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് ഇന്നലെ ഈസ്റ്റർ, വിഷു ആശംസാകാർഡുകൾ വോട്ടർമാർക്ക് നേരിട്ട് നൽകുന്ന തിരക്കിലായിരുന്നു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനെയും ചെമ്പകശേരി ലിറ്റിൽ ഫ്ലവർ സെമിനാരിയിൽ ഫാ. സജി നെല്ലിക്കുന്നേലിനെയും സന്ദർശിച്ചു. നഗരത്തിലെ വീടുകളിലും കടകളിലും കയറി വോട്ടഭ്യർത്ഥിച്ചു. ഐ.എം.എ സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുത്തു. ഇ.എം. സലിം, പി.ജെ. അനിൽ, എം.ആർ. അജിത്, പി.എം. സഹീർ, രാജീവ് സക്കറിയ, ടി.എ. ഇബ്രാഹിംകുട്ടി, സ്മിത ഗോപി, പോൾ വർഗീസ്, പി.എ. രഘുനാഥ്, കെ.ഐ. കുഞ്ഞുമോൻ, പി.എച്ച്. കുഞ്ഞുമുഹമ്മദ്, കെ. സതീശൻ, സഹീർ പേരേപ്പറമ്പിൽ എന്നിവരും ഉണ്ടായിരുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി നെടുമ്പാശേരി പഞ്ചായത്തിലെ വീടുകളിൽ സന്ദർശനം നടത്തി. തോട്ടക്കാട്ടുകര, കീഴ്മാട്, ചെങ്ങമനാട്, കരിയാട്, കുന്നത്തേരി, ആലുവ, കാഞ്ഞൂർ എന്നിവിടങ്ങളിളെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. മണ്ഡലത്തിലെ എൻ.ഡി.എ ബൂത്ത് ഏജന്റുമാരുടെ പഠനക്കളരിയിലും പങ്കെടുത്തു. എ.കെ. ഷാജി, പി. ഹരിദാസ്, സുനിൽകുമാർ, ജി. ഗോപാൽ, സി.എസ്. പ്രദീപ്, സി.പി. രമേശ്, ദാസൻ പട്ടേരിപ്പുറം എന്നിവരും സംബന്ധിച്ചു. ഇന്ന് ഗൃഹസമ്പർക്കത്തിലും വിവിധ കേന്ദ്രങ്ങളിലെ
സമാപന പ്രചാരണത്തിലും പങ്കെടുക്കും.