കൊച്ചി: വാത്തുരുത്തി റെയിൽവേ ഗേറ്റിനടുത്ത് കുണ്ടന്നൂരിലേക്കുള്ള റോഡിൽ മാലിന്യങ്ങൾ തള്ളുന്നതിൽ പ്രതിഷേധവുമായി നേവി. പരാതിയെത്തുടർന്ന് സ്ഥലം സന്ദർശിച്ച മേയർ അഡ്വ.എം.അനിൽകുമാർ റോഡിന്റെ ഇരുവശത്തുമുള്ള മാലിന്യശേഖരം ഇന്നുതന്നെ നീക്കം ചെയ്യുമെന്ന് ഉറപ്പുനൽകി. ഇവിടെ നിരീക്ഷണകാമറ സ്ഥാപിക്കുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.

ആളുകൾ കനാലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം തുടരുന്നത് വെണ്ടുരുത്തി കനാലിന്റെ ശുചീകരണം ഏറ്റെടുത്ത നേവിയെ വെട്ടിലാക്കി. ഞായറാഴ്ച കൊച്ചിയിൽ പര്യടനം നടത്തുന്ന ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) ജനറൽ ബിപിൻ റാവത്ത് വെണ്ടുരുത്തി കനാലും സന്ദർശിക്കുന്നുണ്ട്.

കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, നാവിക ഉദ്യോഗസ്ഥർ, കൗൺസിലർ ടിബിൻ ദേവസി, തുടങ്ങിയവരാണ് ഇന്നലെ വാത്തുരുത്തിയിലെത്തിയത്.