പറവൂർ: നൂറ്റാണ്ട് പഴക്കമുള്ള നമ്പൂരിയച്ചൻ ആൽമരം കടപുഴകി വീണു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മരത്തിനടിയിൽ ലോട്ടറി വില്പനക്കാരും വഴിയാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടിമാറിയതിനാൽ അപകടമുണ്ടായില്ല.
റോഡിലൂടെ വന്ന ബൈക്കിലെ യാത്രക്കാരൻ മരത്തിന്റെ ചില്ലകൾക്കടിയിൽപ്പെട്ടെങ്കിലും പരിക്കില്ല. പറവൂർ നഗരസഭാ ജീവനക്കാരും ആൽത്തറ സംരക്ഷണ സമിതി ഭാരവാഹികളും ഉടൻ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
2019 ജൂലായ് നാലിന് ആൽമരത്തിന്റെ വലിയ ശിഖരം ഓടിഞ്ഞു വീണിരുന്നു. അന്ന് റോഡിലൂടെ പോയ കാർ അടിയിൽപ്പെട്ടു. കാറിൽ കുട്ടികളടക്കം നാല് പേരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. അതിനു ശേഷം ആൽമരത്തിന്റെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മുറിച്ചു മാറ്റാൻ തഹസിൽദാർ ജില്ലാ കളക്ടറുടെ അനുമതി തേടിയിരുന്നു.ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിന് വിശ്വാസ പ്രകാരം പൂജകളും ചടങ്ങുകളുമുള്ളതിനാൽ നടപടിക്രമങ്ങൾ നീണ്ടുപോയി.
പറവൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ആലാണിത്. താന്ത്രികനായ പുളിയാമ്പുള്ളി നമ്പൂതിരിയുടെ ആത്മചൈതന്യം ആൽമരത്തിൽ കുടികൊള്ളുന്നുണ്ടെന്നാണ് വിശ്വാസം. സർവവിജ്ഞാന കോശത്തിൽ കേരള ചരിത്രം പറയുന്ന ഭാഗത്ത് ഈ ആലിനെക്കുറിച്ച് പരാമർശമുണ്ട്.
പുതിയ ആൽമരം നടും
കടപുഴകിയ ആൽമരത്തിനു പകരം പുതിയ ആൽമരം നടുമെന്ന് ആൽത്തറ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. നിത്യവും വിളക്കുവയ്ക്കലും പൂജകളും മകരോത്സവവും നടക്കാറുണ്ട്. അതിനാൽ ക്ഷേത്രം തന്ത്രി വേഴപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ നിർദ്ദേശാനുസരണം തുടർന്നുള്ള കർമ്മങ്ങൾ നടത്തും.