vijayaraghavan

കൊച്ചി: സംഘപരിവാറിന്റെ സഹായത്തോടെ എൽ.ഡി.എഫ് തുടർഭരണം തടയാനാണ് യു.ഡി.എഫിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് എല്ലാ വർഗീയതയുമായും തരാതരം സഖ്യമുണ്ടാക്കുന്നു. ഇത്തവണ അവസരവാദം ഒന്നുകൂടി വിപുലപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസക്കുറവാണ് വ്യാജവോട്ട് ആരോപണത്തിലൂടെ വ്യക്തമാകുന്നത്. കേരളത്തിലെ ജനങ്ങളെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിദിന ആക്ഷേപ പരിപാടി ജനങ്ങൾ നിരാകരിക്കും. 1991ൽ ബേപ്പൂരിലെ ലീഗ് സീറ്റിലായിരുന്നു 'കോലീബി' ധാരണ. ഗുരുവായൂരിലും തലശേരിയിലും ദേവികുളത്തും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്തത് ഈ ധാരണ നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി സാധാരണ സംഘപരിവാർ നേതാവിനെ പോലെയാണ് പ്രസംഗിച്ചത്. ഇടുങ്ങിയ രാഷ്ട്രീയത്തിനപ്പുറം രാജ്യതന്ത്രജ്ഞത ഒട്ടും പ്രകടിപ്പിച്ചില്ല. വികസന പദ്ധതികളെക്കുറിച്ച് അദ്ദേഹം പറയുമെന്ന് കരുതി. കേരളത്തിന് എയിംസ് എന്ന ദീർഘകാലാവശ്യത്തെ കുറിച്ച് നരേന്ദ്രമോദി മൗനം പാലിച്ചതായും വിജയരാഘവൻ ആരോപിച്ചു.