കോലഞ്ചേരി: കുന്നത്തുനാട്ടിലെ പ്രശ്നബാധിത ബൂത്തുകളിൽ റൂറൽ എസ്.പി കെ.കാർത്തിക് സന്ദർശിച്ച് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. കാവുങ്ങപ്പറമ്പ്, ചേലക്കുളം, കുമ്മനോട് മദ്രസ, ഐരാപുരം കമൃത, എം.ജി.എം എൽ.പി.എസ് ബൂത്ത് മംഗലത്തുനട, കുന്നുക്കുരുടി യു.പി സ്കൂൾ ബൂത്തുകളാണ് പ്രശ്ന ബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെയെല്ലാം സമാധാനപരമായി വോട്ടു ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്‌നക്കാരെ നിരീക്ഷിക്കുകയും ആവശ്യം വന്നാൽ കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്യും. പ്രശ്‌ന ബാധിത ബൂത്തുകളിൽ കേന്ദ്രസേനയും കൂടുതൽ പൊലിസിനെയും നിയോഗിക്കും. പോളിംഗ് സ്റ്റേഷനിലും പരിസരങ്ങളിലും ക്രമസമാധന ലംഘനങ്ങൾ നടത്തിയാൽ ശക്തമായ നടപടി ഉണ്ടാകും. ബൂത്തുകളിൽ ഇന്നു മുതൽ പൊലിസ് വിന്യാസം തുടങ്ങും. തിരഞ്ഞെടുപ്പ് ദിനത്തിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിതായും എസ്.പി അറിയിച്ചു. പെരുമ്പാവൂർ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ്, കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ ബിനുകുമാർ തുടങ്ങിയവരും എസ്.പി യോടൊപ്പമുണ്ടായിരുന്നു.