kerala-election

കൊച്ചി: തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തി കള്ളവോട്ടു ചെയ്യുന്നതു തടയാൻ ഇടുക്കി ജില്ലാതിർത്തിയിൽ കേന്ദ്ര സായുധ സേനയെ നിയോഗിക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിച്ചു. ഇരു സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടികയിൽ പേരുള്ളവർ അതിർത്തി കടന്നെത്തി കള്ളവോട്ടു ചെയ്യുന്നതു തടയാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഇ.എം. അഗസ്തി, ഡി. കുമാർ, സിറിയക് തോമസ് എന്നിവർ നൽകിയ ഹർജിയിലാണ് നിർദ്ദേശം.

ഇന്നലെ അവധി ദിനമായിട്ടും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജസ്റ്റിസ് എൻ. നഗരേഷ് വാദം കേട്ട് നിർദ്ദേശം നൽകുകയായിരുന്നു. മുൻകാലങ്ങളിൽ അതിർത്തി കടന്നെത്തി വൻതോതിൽ കള്ളവോട്ട് ചെയ്തിരുന്നെന്നും പൊലീസ് അതിർത്തി അടച്ചാലും കള്ളവോട്ടുകാർ ഇതു തുറന്നെത്തുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഇൗ സാഹചര്യം ഒഴിവാക്കാൻ ഇത്തവണ ഇലക്ഷൻ കമ്മിഷൻ നടപടികളെടുത്തിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ച സിംഗിൾ ബെഞ്ച് വിലയിരുത്തി. ജില്ലാ ഇലക്ടറൽ ഒാഫീസർ തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കത്തിൽ പോളിംഗ് ദിവസവും തലേദിവസവും നിരീക്ഷണത്തിനായി കേന്ദ്ര സായുധ സേനയെ അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും വിന്യസിക്കാൻ നടപടിയെടുത്തതായി പറയുന്നുണ്ട്.

ജില്ലാ പൊലീസ് സൂപ്രണ്ട് ഏപ്രിൽ രണ്ടിന് കളക്ടർക്ക് നൽകിയ കത്തിൽ അതിർത്തിയിലെ നാലു സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും കേന്ദ്ര സായുധ സേനയെ നിയോഗിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. അതിർത്തി കടന്നെത്തി കള്ളവോട്ടു ചെയ്യുന്നതു തടയാൻ സാദ്ധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇവയിൽ നിന്ന് വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് കേന്ദ്ര സേനയെ നിയോഗിക്കാനുള്ള തീരുമാനം വീഴ്ചയില്ലാതെ നടപ്പാക്കാൻ നിർദ്ദേശിച്ച് ഹർജി തീർപ്പാക്കിയത്.