കൊച്ചി: ഉദയംപേരൂർ കള്ളനോട്ടു കേസിൽ കോയമ്പത്തൂർ സംഘം ഉപയോഗിച്ച കാർ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ ഒന്നാം പ്രതി നടക്കാവ് മാനസി വീട്ടിൽ പ്രിയൻ കുമാറിന് (36) കോയമ്പത്തൂരിൽ വച്ച് കാറിലെത്തിയാണ് സംഘം പണം കൈമാറിയത്. പൊലീസ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിലും പിന്നീട് തിരുപ്പൂരിലും പരിശോധന നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. കാറിന്റെ നമ്പർ വ്യാജമാണ്.
ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറും. ഇവരിൽ നിന്ന് നിർണായക വിവരം ലഭിക്കുമെന്നാണ് ഉദയംപേരൂർ പൊലീസിന്റെ പ്രതീക്ഷ.
കള്ളനോട്ട് ഇടപാടിലെ മുഖ്യ ഇടനിലക്കാരൻ ചാലക്കുടി സ്വദേശി വിനോദിനായി പൊലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രിയൻ എറണാകുളത്തെ ഒരു കാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ സ്വന്തം അക്കൗണ്ടിലേക്ക് 2000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ചിരുന്നു. ഇത് വ്യാജനോട്ടാണെന്ന് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ പമ്പിലടക്കം കള്ളനോട്ടുകൾ നൽകിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മാർച്ച് 27നാണ് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുമായി പ്രിയൻ കുമാറടക്കം മൂന്ന് പേർ ഉദയംപേരൂർ പൊലീസിന്റെ പിടിയിലായത്. സിനിമാ-സീരിയൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കുമ്പോഴാണ് വിനോദ് വഴി പ്രിയൻ കള്ളനോട്ട് സംഘവുമായി പരിചയപ്പെട്ടത്.ഒന്നേകാൽ ലക്ഷം രൂപ കോയമ്പത്തൂർ സംഘത്തിന് നൽകിയപ്പോൾ 2,10,000 രൂപയുടെ കള്ളനോട്ടാണ് ഇയാൾക്ക് ലഭിച്ചത്. പ്രിയന്റെ ഭാര്യാ സഹോദരി കൊല്ലം പന്മന സ്വദേശിനി ധന്യ (30), ഭർത്താവ് വിദ്യാധരൻ (42) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ഇയാളുടെ നടക്കാവിലെ വീട്ടിൽ നിന്ന് 2000 രൂപയുടെ 86 വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മൊബൈൽ ഫോൺ, പെൻഡ്രൈവ്, രണ്ട് ടാബുകൾ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പരിശോധിച്ച് വരികയാണ്.