കളമശേരി: ഇന്നലെ വൈകിട്ട് ഏലൂരിൽ 'രാജീവിനൊപ്പം സായാഹ്നം' എന്ന പരിപാടിയിൽ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവിനായി കുസാറ്റ് കവലയിൽ നിന്ന് പാതാളം കവലയിലേക്ക് നടന്ന റോഡ് ഷോയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു സാംസ്‌കാരിക സമ്മേളനവും സംഗീതനിശയും സംഘടിപ്പിച്ചത്. ബിജിപാൽ, ആഷിക് അബു, ശ്രീനാഥ് ഭാസി, മണികണ്ഠൻ ആചാരി, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ, ഗോകുലൻ, ദിവ്യ ഗോപിനാഥ്, സജിത മഠത്തിൽ തുടങ്ങി രാജീവിന്റെ വിദ്യാർത്ഥികാലം മുതലുള്ള ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു.
രാവിലെ ആലങ്ങാട് പഞ്ചായത്തിലും ഉച്ചകഴിഞ്ഞ് കുന്നുകര പഞ്ചായത്തിലുമായിരുന്നു തുടർപര്യടനം. രാജീവിന് പിന്തുണ പ്രഖ്യാപിച്ച് കാഞ്ഞൂരിലെ യുവകർഷക കൂട്ടായ്മ മണ്ഡലത്തിലെ 15 ഇടങ്ങളിൽ ഫ്ളാഷ് മോബും അവതരിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അയിരൂർ പുളിഞ്ചോട് കവലയിൽ നിന്ന് രാജീവിന്റെ റോഡ്‌ഷോ ആരംഭിക്കും. തുടർന്ന് കരുമാല്ലൂർ, ആലങ്ങാട്, കടുങ്ങല്ലൂർ വഴി കളമശേരി എച്ച്എംടി കവലയിൽ ഏഴു മണിയോടെ സമാപിക്കും.