t-j-vinod
എറണാകുളം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ നിന്നും ഹൈക്കോർട്ട് ജംഗ്‌ഷനിലേക്ക് സംഘടിപ്പിച്ച സൈക്കിൾ റാലി എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ സൈക്കിൾ ചവിട്ടി ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: കൊവി​ഡ് കാരണം കൊട്ടിക്കലാശം നി​രോധി​ച്ചതി​നാൽ കൊട്ടും ബഹളവും ഇല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ. വിവിധ സ്ഥലങ്ങളിൽ മണ്ഡലാടിസ്ഥാനത്തിൽ സൈക്കിൾ റാലികളും പദയാത്രകളും തുറന്ന ജീപ്പിലുള്ള പ്രചാരണങ്ങളും നടത്താനാണ് തീരുമാനം. ചില മണ്ഡലങ്ങളിൽ പര്യടനങ്ങൾ ഒന്നും നടത്താതെ അഞ്ചുമണിക്ക് മുൻപായി ശാന്തമായി പ്രചാരണം അവസാനിപ്പിക്കുകയും ചെയ്യും.

• ആലുവ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്റെ സൈക്കിൾ റാലി നി​ശ്ചയി​ച്ചി​ട്ടുണ്ട്. വീടുകൾ കയറിയുള്ള പ്രചാരണവും നടത്തും.എൻ.ഡി.എ സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ പ്രചാരണത്തി​നി​റങ്ങും.

• പിറവം മണ്ഡലത്തിൽ എൽ.ഡി.എഫ് ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.

• കുന്നത്തുനാട്ടിൽ കലാശക്കൊട്ടി​ന്റെ സമയത്തും എൽ.ഡി.എഫ് വീടുകയറിയി​റങ്ങും. എൻ.ഡി.എ ഇന്നലെ മണ്ഡലത്തിൽ റോഡ്ഷോ നടത്തി

• കളമശേരി മണ്ഡലത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് റാലികൾ നടത്താനാണ് എൽ.ഡി.എഫിന്റെ തീരുമാനം

• പെരുമ്പാവൂരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ ബൂത്ത് അടിസ്ഥാനത്തിൽ വീടുകയറിയി​റങ്ങും.

• വൈപ്പിൻ മണ്ഡലത്തിൽ നാളെ വൈകി​ട്ട് എൽ.ഡി.എഫ് കോർണർ മീറ്റിംഗുകൾ നടത്തും. എൻ.ഡി.എ ഇന്നലെ റോഡ്ഷോ നടത്തി ക്ഷീണം തീർത്തു.

• തൃക്കാക്കര മണ്ഡലത്തിൽ യു.ഡി.എഫിന്റെ ബൂത്തുതല പ്രചാരണ പരിപാടികളാണ് വൈകുന്നേരം വരെ. ദു:ഖവെള്ളി ദിവസം മാറ്റിവച്ച തുറന്ന ജീപ്പിലുള്ള സ്ഥാനാർത്ഥിയുടെ പ്രചാരണം ഇന്ന് നടത്താനാണ് എൻ.ഡി​.എ തീരുമാനം

• മൂവാറ്റുപുഴയി​ൽ എൽ.ഡി.എഫ് ബൂത്തുതല പ്രചാരണത്തി​നി​റങ്ങും. എൻ.ഡി.എ പഞ്ചായത്ത് അടിസ്ഥാനത്തിൽ പദയാത്രകൾ നടത്തും

• തൂപ്പൂണിത്തുറയിൽ എൽ.ഡി.എഫ് ബൂത്തുതല പ്രചാരണവും യു.ഡി.എഫ് റോഡ്ഷോയും നടത്തും. എൻ.ഡി.എ സ്ഥാനാർത്ഥിയുമായി​ വൈകി​ട്ട് കൂട്ട നടത്തം സംഘടിപ്പിക്കും

ബൈക്കില്ല പകരം സൈക്കിൾ

തി​രഞ്ഞെടുപ്പ് കമ്മി​ഷൻ ഇരുചക്ര വാഹന റാലികൾ നി​രോധി​ച്ചതി​നാൽ പകരം സൈക്കിൾ റാലി നടത്തി പ്രചാരണം അവസാനിപ്പിക്കാനാണ് മുന്നണികളുടെയും അണികളുടെയും തീരുമാനം. പല മണ്ഡലങ്ങളിലും ഇന്നലെ തന്നെ സൈക്കിൾ റാലികൾ അരങ്ങേറി​. എറണാകുളത്തെ യു.ഡി​.എഫ് സ്ഥാനാർത്ഥി​ ടി​.ജെ. വി​നോദ് നഗരത്തി​ൽ ഇന്നലെ വൈകി​ട്ട് സൈക്കി​ളുമായി​ ഇറങ്ങി​. പ്രവർത്തകരും ആഘോഷമായി​ ഒപ്പം സൈക്കി​ളുമായി​ കൂടി​.

ചമ്മിണിക്ക് പകരം ഹൈബി

കൊച്ചി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഇന്ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തും. മുസ്ലീം ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുക്കും