പ്രവർത്തനങ്ങൾ മേയ് 15 നകം പൂർത്തിയാക്കണം
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ മേയ് 15 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കൊച്ചി നഗരസഭയ്ക്ക് അന്ത്യശാസനം നൽകി. പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾനീക്കി നീരൊഴുക്ക് പുനസ്ഥാപിക്കുന്നതടക്കമുള്ള നടപടി പൂർത്തിയാക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചത്. നടപടികൾ സ്വീകരിച്ച് പ്രാരംഭറിപ്പോർട്ട് ഏപ്രിൽ എട്ടിന് നൽകണം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസയുൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
അടുത്ത മഴക്കാലത്തിനുമുമ്പ് നഗരത്തിലെ കനാലുകളും കാനകളും വൃത്തിയാക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായുള്ള ഇൗ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. എന്നാൽ പേരണ്ടൂർ കനാലിന്റെ നവീകരണം നഗരസഭയുടെ ചുമതലയിലാണ്.
മൺസൂണിനു മുമ്പ് പണി തീരുമോ ?
മഴമേഘങ്ങളിങ്ങെത്തിയിട്ടും പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് പുനസ്ഥാപിക്കുന്ന ജോലികൾ ഒന്നുമായില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷങ്ങളിലെയും പ്രളയദുരിതങ്ങൾ കണക്കിലെടുത്ത് ഇൗ പരാമർശത്തെ ലഘുവായി കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി മാർച്ച് 25ന് നൽകിയ നിർദ്ദേങ്ങൾ അനുസരിച്ച് മഴക്കാലത്തിനുമുമ്പ് ചെയ്യേണ്ട ജോലികൾ തുടങ്ങുമെന്നും പേരണ്ടൂർ കനാലിന്റെ നവീകരണം ഉടൻ തുടങ്ങുമെന്നും നഗരസഭയുടെ അഭിഭാഷകൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പിനെത്തുടർന്ന് പെരുമാറച്ചട്ടം നിലവിൽ വന്നെങ്കിലും ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള നിർമ്മാണ - നവീകരണ പ്രവർത്തനങ്ങൾക്ക് ഇതുബാധകമല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതനുസരിച്ചുള്ള പ്രവർത്തനം തുടങ്ങുമെന്നും നഗരസഭയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് മേയ് 15 നകം പണികൾ പൂർത്തിയാക്കാൻ ഹൈക്കോടതി അന്ത്യശാസനം നൽകിയത്.