anwar-sadath-mla
ആലുവയിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.എസ്.യു - എം.എസ്.എഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ പഞ്ചാബ് ധനകാര്യ മന്ത്രി മൻപ്രീത് സിംഗ് ബാദലും സ്ഥാനാർത്ഥി അൻവർ സാദത്തും വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു

ആലുവ: രാജ്യാന്തര കള്ളക്കടത്തിന് കൂട്ടുനിന്ന രാജ്യത്തെ ആദ്യത്തെ സർക്കാരാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരെന്ന് പഞ്ചാബ് ധനകാര്യ മന്ത്രി മൻപ്രീത് സിംഗ് ബാദൽ പറഞ്ഞു. ആലുവയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.എസ്.യു - എം.എസ്.എഫ് സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന് അധികാരത്തുടർച്ചയുണ്ടായാൽ തൊഴിലില്ലായ്മയും കള്ളക്കടത്തും വർദ്ധിക്കും. വിധവകളായ 50 അമ്മമാർക്ക് വീടുവെച്ച് നൽകിയതോടെ ഇന്ത്യയിലെ തന്നെ ജനപ്രതിനിധികൾക്ക് അൻവർ സാദത്ത് മാതൃകയാണെന്നും കൊവിഡ് കാലത്ത് സൗജന്യമായി 33 ലക്ഷം രൂപയുടെ മരുന്ന് വിതരണം ചെയ്തത് പുണ്യപ്രവൃത്തിയാണെന്നും മൻപ്രീത് സിംഗ് ബാദൽ പറഞ്ഞു. ബൈപ്പാസിൽ നിന്നാരംഭിച്ച വിദ്യാർത്ഥി റാലിയിൽ സ്ഥാനാർത്ഥിക്കൊപ്പം മൻപ്രീത് സിംഗ് ബാദലും പങ്കെടുത്തു. അൽ അമീൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, പി.എച്ച്. അസ്ലം, വി.ആർ. രാംലാൽ, എം.എസ്.എഫ് നേതാക്കളായ ഷെമീം, ഹൈദർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.