വൈപ്പിൻ: മണ്ഡലത്തിലെമ്പാടും മിന്നൽ പ്രചാരണവുമായി വൈപ്പിനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. എൻ. ഉണ്ണിക്കൃഷ്ണൻ. കോതാട്, ചെറായി, ഞാറക്കൽ, വല്ലാർപാടം, മുളവുകാട്,എളങ്കുന്നപ്പുഴ, പെരുമ്പിള്ളി, വൈപ്പിൻ ഉൾപ്പെടെ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി എത്തി വ്യക്തികളെ നേരിൽക്കണ്ടു. വിവിധ ആരാധനാലയങ്ങളും സംഘടനകളുടെ ഓഫീസുകളും വീണ്ടുമൊരിക്കൽകൂടി സന്ദർശിച്ചു.
വരാപ്പുഴ അതിരൂപത എമിരറ്റസ് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിനെ കാക്കനാട് ബിഷപ്‌സ് വില്ലയിൽ ചെന്നുകണ്ട് അനുഗ്രഹം തേടി.
കോതാട് സൗഹൃദക്കൂട്ടായ്മയിൽ പങ്കെടുത്തു. എളങ്കുന്നപ്പുഴ ആശാരിപ്പറമ്പിൽ കുടുംബയോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വീട്ടമ്മമാരും മുതിർന്നവരും ഉൾപ്പെടെ നിരവധിപേർ എത്തി. വല്ലാർപാടം പനമ്പുകാട് മേഖലയിൽ വർണാഭമായ റാലികൾ നടത്തി. വല്ലാർപാടം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി പലതായി പിരിഞ്ഞ് ഓരോ ഇടവഴികളും പിന്നിട്ട് വീണ്ടും ഒരുമിച്ചുചേർന്നു ബാവ നഗറിൽ സമാപിച്ചു. സ്ഥാനാർത്ഥി കെ. എൻ. ഉണ്ണിക്കൃഷ്ണൻ, എസ്. ശർമ്മ എം.എൽ.എ, മേയർ എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വൈപ്പിൻ ഔർ ലേഡി ഓഫ് ഹോപ്പ് പള്ളിയും സന്ദർശിച്ചു.