തൃക്കാക്കര: തൃക്കാക്കര മണ്ഡലത്തിൽ താമര വിരിയിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സജിയുടെ ലക്ഷ്യം. മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിയിൽ വിജയഗാഥയുമായാണ് സജി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. കൂട്ടിക്കെട്ടാൻ മുന്നണിയിൽ ഏറെ പാർട്ടികളൊന്നുമില്ലെങ്കിലും ഇത്തവണ മണ്ഡലത്തിൽ കരുത്ത് തെളിയിക്കുമെന്നാണ് സജിയുടെ അവകാശവാദം.
വിശാലമായ വീട്ടുതൊടിയില്ലെങ്കിലും മട്ടുപ്പാവിൽ കൃഷിയിടമൊരുക്കാൻ മനസുണ്ടെങ്കിൽ പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളവെടുക്കാമെന്നും സജി തെളിയിച്ചിരിക്കുകയാണ്. പച്ചമുളക്, അനാർ, വിവിധയിനം ചീര, കാന്താരി മുളക്, കുമ്പളം, പടവലം, കോവയ്ക്ക, പാവൽ തുടങ്ങി സജിയുടെ വീടിന്റെ മട്ടുപ്പാവിൽ വിളയാത്തതായി ഒന്നുമില്ല.
പൊന്നുരുന്നി കുഞ്ഞൻബാവ റോഡിലെ സജിയുടെ വീട് സദാസമയം പച്ചപുതച്ചാണ് കിടപ്പ്. തിരഞ്ഞെടുപ്പ് പര്യടനത്തിരക്കിലും പുലർച്ചെ മട്ടുപ്പാവിലെ കൃഷിയിടത്തിലെത്തി ചെയ്യാനുള്ള ജോലിതീർത്തേ പുറത്തേക്കിറങ്ങൂ. കാർഷിക സംസ്‌കൃതിയുടെ ബാലപാഠങ്ങൾ മാതാപിതാക്കളിൽനിന്നുതന്നെയാണ് ആദ്യം സ്വായത്തമാക്കിയതെന്ന് സജി പറയുന്നു. കാർഷിക കുടുംബത്തിൽ ജനിച്ച ഭാര്യ രശ്മിയും മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിൽ പരിചരണവുമായി സജിക്കൊപ്പമുണ്ട്. അന്യംനിന്ന കാർഷിക സംസ്‌കൃതിയെ വീണ്ടെടുക്കാനും വിഷരഹിത പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കാനും എല്ലാവരും സ്വന്തമായി കൃഷിയിലേക്ക് മടങ്ങണമെന്നാണ് സജിയുടെ ആഹ്വാനം. സ്ഥലമില്ലാതെയെങ്ങിനെ കൃഷിയെന്ന് വേവലാതിപ്പെടുന്നവർക്ക് സ്വന്തം വീടിന്റെ മട്ടുപ്പാവാണ് ചൂണ്ടിക്കാണിക്കുന്നത്.
മോദി സർക്കാരിന്റെ കാർഷിക നയങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണെന്ന് സജി പറയുന്നു. ലോക് ഡൗൺ കാലത്ത് കടകൾ അടഞ്ഞുകിടന്നപ്പോഴും തന്റെ കുടുംബത്തിന് പച്ചക്കറിക്ക് മുട്ടില്ലാതിരുന്നത് അടുക്കളത്തോട്ടത്തിന്റെ കൃത്യമായ പരിപാലനത്തിലൂടെയാണെന്ന് സജിയുടെ സാക്ഷ്യം.
ജനപ്രതിനിധിയാകാൻ അവസരം ലഭിച്ചാൽ മണ്ഡലത്തിൽ വിഷരഹിത പച്ചക്കറിക്കൃഷിയ്ക്കായി സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുമെന്നാണ് വാഗ്ദാനം. വിത്തുംവളവും കർഷകർക്ക് നൽകി പച്ചക്കറി വിപണനത്തിനായി ഏറ്റെടുക്കും വിധമാണ് പദ്ധതി തയ്യാറാക്കുകയെന്നും സജിയുടെ ഉറപ്പ്.