കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഷോപ്പിംഗ് മാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കൈത്തോക്കും അഞ്ച് തിരകളും കണ്ടെത്തി. ഇത് ഉപേക്ഷിച്ച വൃദ്ധനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ മാളിൽ എത്തിയതിന്റെയും കാറിൽ മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് പൊലീസിന് ലഭിച്ചു.
തുണിസഞ്ചിയിൽ തോക്കിനും തിരകൾക്കുമൊപ്പം, നാലു പ്രമുഖ സാമുദായിക, രാഷ്ട്രീയ നേതാക്കൾക്ക് ഇവ കൈമാറണമെന്ന കുറിപ്പും ഉണ്ടായിരുന്നു. ദീർഘമായ കുറിപ്പിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണുള്ളത്.
ഭാര്യയുടെ പേരിലുള്ള കാറിലാണ് വൃദ്ധൻ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12ന് മാളിന്റെ മുൻവശത്തെ ട്രോളി പാർക്കിംഗ് ഏരിയയിലെ ട്രോളിയിൽ നിന്നാണ് തോക്ക് അടങ്ങിയ സഞ്ചി ലഭിച്ചത്. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. കളമശേരി പൊലീസെത്തി ഇവ കസ്റ്റഡിയിലെടുത്തു.
വൃദ്ധൻ സഞ്ചി ട്രോളിയിൽ വയ്ക്കുന്നത് സി.സി.ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തൃക്കാക്കര അസി. കമ്മിഷണർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മാളിൽ പരിശോധന നടത്തി.
ലൈസൻസുള്ള തോക്കുകളെല്ലാം തിരഞ്ഞെടുപ്പ് പ്രമാണിച്ച് സറണ്ടർ ചെയ്തിട്ടുള്ള സമയമാണിത്. കണ്ടെത്തിയ തോക്ക് ലൈസൻസുള്ളതാകാൻ സാദ്ധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു.
• റഷ്യൻ തോക്ക്
1964 മോഡൽ റഷ്യൻ നോറിൻകോ ടോക്കരേവ് 9എം.എം സെമി ഓട്ടോമാറ്റിക് പിസ്റ്റളാണ് കണ്ടെത്തിയത്. ടോക്കരേവ് പിസ്റ്റളുകൾ കൂടുതലും ചൈനീസ് നിർമ്മിതമാണ്. ആറ് തിരകൾ നിറയ്‌ക്കാമെങ്കിലും ഈ പിസ്റ്റളിൽ അഞ്ചെണ്ണമേ ഉണ്ടായിരുന്നുള്ളൂ.