കൊച്ചി: കേരളത്തിലെ ഭവനമില്ലാത്ത എല്ലാ കുടുംബങ്ങൾക്കും കിടപ്പാടം നൽകുമെന്ന ഇടത് ജനാധിപത്യ മുന്നണി സർക്കാരിന്റെ വാഗ്ദാനം കൊച്ചിയിലെ ഭവനമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളോടുള്ള വഞ്ചനയാണെന്ന് കേരള ഭവനരഹിത ജനകീയകൂട്ടായ്മ ആരോപിച്ചു. കേരളത്തിൽ ഏറ്രവും കൂടുതൽ ജനസാന്ദ്രതയുള്ളതും ചേരികളിലും വാടകവീടുകളിലും താമസിക്കുന്നവർ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളാണ് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങൾ. സ‌ർക്കാരിന്റെ ഭവനപദ്ധതികളിൽ നിരവധിതവണ അപേക്ഷ നൽകിയവ‌ർ കബളിപ്പിക്കപ്പെടുകയായിരുന്നു. ഭവനരഹിതർക്ക് ഇടുങ്ങിയ ഫ്ലാറ്റ് സംവിധാനമല്ല ഭൂമിയാണ് നൽകേണ്ടത്. തലചായ്ക്കാൻ മണ്ണ് നൽകിയില്ലെങ്കിൽ വോട്ടുസമരവും മാർഗമാക്കണമെന്നും തോട്ടം മേഖലയിൽ അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുത്ത് അർഹതപ്പെട്ട എല്ലാ ഭൂരഹിത സമൂഹങ്ങൾക്കും വിതരണം ചെയ്യണമെന്നും പ്രസിഡന്റ് ടി.എ. ഷാജി ആവശ്യപ്പെട്ടു.