ekm

കൊച്ചി: കൂട്ടിയും കിഴിച്ചും വോട്ടർമാരുടെ മനസളന്നും മുന്നണികൾ വിജയക്കണക്ക് കുറിച്ചു. അതുക്കും മേലേയാകുമോ ജനവിധിയെന്ന ആശങ്കയും ആകാംക്ഷയും ബാക്കി. ത്രികോണ, ചതുഷ്‌കോണ മത്സരങ്ങൾ ചൂടുപിടിപ്പിച്ച എറണാകുളം ജില്ലയിൽ പതിവിലേറെ പിരിമുറുക്കം. കോട്ട നിലനിറുത്തുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്. കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫും. ഒരുസീറ്റിൽ വിജയവും മറ്റിടങ്ങളിൽ മുന്നേറ്റവും ലക്ഷ്യമിട്ട് എൻ.ഡി.എ.

മുൻവർഷങ്ങളിലെക്കാൾ കനത്ത പോരാട്ടമാണ് ഇക്കുറി. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നിവയ്ക്കു പുറമെ സ്വതന്ത്ര സംഘടനകളും സജീവമായതാണ് പ്രത്യേകത. ഒന്നിലേറെ മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർത്ഥികളുടെ വിജയപരാജയം നിർണയിക്കുന്നതിൽ മുഖ്യപങ്ക് സ്വതന്ത്ര സംഘടനകൾ വഹിക്കും. അടിയൊഴുക്കുകൾ കണക്കുകൂട്ടലുകൾക്കപ്പുറം വിധി നിർണയിക്കും.

ജില്ലയിലെ 14 ൽ ഒൻപതിൽ യു.ഡി.എഫും അഞ്ചിൽ എൽ.ഡി.എഫുമാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇക്കുറി ഒൻപതിന് പുറമെ കൊച്ചി, മൂവാറ്റുപുഴ സീറ്റുകൾ കൂടി ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു. യു.ഡി.എഫ് കോട്ടയെന്ന പതിവ് നിലനിറുത്തുമെന്നും പ്രതീക്ഷിക്കുന്നു. അഞ്ചു സിറ്റിംഗ് സീറ്റിന് പുറമെ പെരുമ്പാവൂർ, കളമശേരി, അങ്കമാലി എന്നിവയും നേടാമെന്നാണ് പ്രതീക്ഷ. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ സഹായിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. തൃപ്പൂണിത്തുറയിൽ വിജയമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. മറ്റിടങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൾ വർദ്ധിക്കുമെന്നും വിലയിരുത്തുന്നു.

അഞ്ചിടം നിർണായകം

പെരുമ്പാവൂർ, കുന്നത്തുനാട്, കളമശേരി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളിലാണ് നിർണായകവും ശ്രദ്ധേയവുമായ പോരാട്ടം നടക്കുന്നത്. കിഴക്കമ്പലം ട്വന്റി 20 മത്സരിക്കുന്ന മണ്ഡലങ്ങളിലും ഫലം പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ തവണ സി.പി.എമ്മിന് നഷ്ടമായ പെരുമ്പാവൂർ തിരിച്ചുപിടിക്കുമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് ബാബു ജോർജാണ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി യു.ഡി.എഫ് സ്ഥാനാർത്ഥിയും. ന്യൂനപക്ഷവോട്ടുകളിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. എൽദോസിനെ ജനങ്ങൾ കൈവിടില്ലെന്ന് യു.ഡി.എഫും ഉറപ്പിച്ചുപറയുന്നു.

കുന്നത്തുനാട്ടിൽ ട്വന്റി 20 യുടെ മത്സരമാണ് കളമാകെ മാറ്റിമറിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ട്വന്റി 20 നേടിയ വോട്ടുകളാണ് മുന്നണികളെയും ആശങ്കപ്പെടുത്തുന്നത്. ഡോ. സുജിത് പി. സുരേന്ദ്രനാണ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എ വി.പി. സജീന്ദ്രനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പി.വി. ശ്രീനിജൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും. ട്വന്റി 20 പിടിക്കുന്ന യു.ഡി.എഫ് വോട്ടുകൾ തങ്ങൾക്ക് വിജയിക്കാൻ വഴിയൊരുക്കുമെന്ന് എൽ.ഡി.എഫ് കരുതുന്നത്. ട്വന്റി 20 വിജയിച്ചാൽ ചരിത്രവുമാകും.

യു.ഡി.എഫിലെ വി.ഇ. അബ്ദുൾ ഗഫൂറും എൽ.ഡി.എഫിലെ പി. രാജീവും ഏറ്റുമുട്ടുന്ന കളമശേരിയിലും തീപാറുന്ന മത്സരമാണ്. വിജയം നിലനിറുത്തുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നെങ്കിലും അട്ടിമറി വിജയമാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ അഴിമതിക്കേസ് മകൻ അബ്ദുൾ ഗഫൂറിനെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് ആയുധമാക്കുന്നുണ്ട്. എൻ.ഡി.എയുടെ പി.എസ്. ജയരാജും ശ്രദ്ധേയമായ പ്രചാരണം നടത്തുന്നുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം

തൃപ്പൂണിത്തുറ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമാണ്. ബാർ കോഴക്കേസിൽ കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് കെ. ബാബുവും യു.ഡി.എഫും. ബാർ കേസിൽ കുറ്റമുക്തനായതിന്റെ ധൈര്യത്തിലാണ് ബാബു. മണ്ഡലത്തിലെ വികസനവും എൽ.ഡി.എഫ് അനുകൂല രാഷ്ട്രീയസാഹചര്യവുമാണ് സിറ്റിംഗ് എം.എൽ.എ കൂടിയായ എം. സ്വരാജ് ഉന്നയിക്കുന്നത്. എൻ.ഡി.എയുടെ കെ.എസ്. രാധാകൃഷ്ണനും ചേരുന്നതോടെ ശക്തമായ ത്രികോണമത്സരമാണ്. ഇഞ്ചോടിഞ്ച് മത്സരത്തിൽ വിജയം ആർക്കനുകൂലമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.

തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ് കരുതുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. മാത്യു കുഴൽനാടാനാണ് സ്ഥാനാർത്ഥി. സിറ്റിംഗ് എം.എൽ.എ എൽദോ എബ്രഹാമും എൽ.ഡി.എഫും മണ്ഡലം നിലനിറുത്താമെന്ന കണക്കുകൂട്ടലിലാണ്. കേരള കോൺഗ്രസ് രാഷ്ട്രീയം സ്വാധീനിക്കുന്ന മൂവാറ്റുപുഴയിൽ പോരാട്ടവും രാഷ്ട്രീയച്ചൂടും ശക്തമാണ്.

പ്രതീക്ഷയോടെ മുന്നണികൾ

യു.ഡി.എഫിലെ റോജി എം.ജോണും എൽ.ഡി.എഫിലെ ജോസ് തെറ്റയിലും ഏറ്റുമുട്ടുന്ന അങ്കമാലിയിൽ അത്ഭുതങ്ങൾക്ക് സാദ്ധ്യതയില്ല. പറവൂരിൽ യു.ഡി.എഫിലെ വി.ഡി. സതീശനെതിരെ എം.ടി. നിക്സണിലൂടെ എൽ.ഡി.എഫ് കഠിനശ്രമം നടത്തുന്നുണ്ട്. എൻ.ഡി.എയിലെ എ.ബി. ജയപ്രകാശും പ്രചാരണത്തിൽ ശക്തമാണ്. സതീശന് ഇക്കുറിയും വിജയം വെല്ലുവിളിയാകല്ലെന്നാണ് സൂചനകൾ.

വൈപ്പിൻ മണ്ഡലം കെ.എൻ. ഉണ്ണിക്കൃഷ്ണനിലൂടെ നിലനിർത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ ദീപക് ജോയിലൂടെ തിരിച്ചുപിടിക്കാൻ യു.ഡി.എഫും ശ്രമിക്കുന്നു. സമുദായികവോട്ടുകളാകും വൈപ്പിനിൽ വിധി നിർണയിക്കുക.

കൊച്ചി നിലനിർത്താൻ എൽ.ഡി.എഫിലെ കെ.ജെ. മാക്സിയും പിടിക്കാൻ യു.ഡി.എഫിലെ ടോണി ചമ്മിണിയും സജീവമാണ്. ലത്തീൻ, മത്സ്യത്തൊഴിലാളി വോട്ടുകളാകും വിജയം നിർണയിക്കുക. പിറവത്ത് കേരള കോൺഗ്രസ് മാണിയിലെ ഡോ. സിന്ധുമോൾ ജേക്കബും യു.ഡി.എഫിലെ അനൂപ് ജേക്കബുമാണ് പ്രധാനപോരാളികൾ. പിറവത്ത് അട്ടിമറി സാദ്ധ്യത കുറവാണ്.

എറണാകുളത്ത് യു.ഡി.എഫിലെ ടി.ജെ. വിനോദിനെതിരെ എൽ.ഡി.എഫ് സ്വതന്ത്രൻ ഷാജി ജോർജാണ് എതിരാളി. തൃക്കാക്കരയിൽ യു.ഡി.എഫിലെ പി.ടി. തോമസിന് എൽ.ഡി.എഫ് സ്വതന്ത്രൻ ജെ. ജേക്കബും. രണ്ടിടത്തും അട്ടമറി പ്രവചിക്കപ്പെടുന്നില്ല. കോതമംഗലത്ത് എൽ.ഡി.എഫിലെ ആന്റണി ജോണും യു.ഡി.എഫിലെ ഷിബു തെക്കുംപുറവുമാണ് പ്രധാന പോരാളികൾ. എൻ.ഡി.എയുടെ ഷൈൻ കെ. കൃഷ്ണനും പ്രചാരണത്തിൽ സജീവമാണ്. പൊതുവെ യു.ഡി.എഫ് അനുകൂല സ്വഭാവമുള്ള കോതമംഗലത്തും മത്സരം കഠിനമാണ്.

മികച്ച വിജയം ഉറപ്പ്

മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ജില്ലയാണ് എറണാകുളം. തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച വിജയം ലഭിച്ചു. ആഴക്കടൽ മീൻപിടുത്ത കരാർ പോലെ സർക്കാരിനെതിരായ വിഷയങ്ങൾ യു.ഡി.എഫിന് ഗുണകരമാകും. സിറ്റിംഗ് എം.എൽ.എമാർക്ക് പുറമെ രണ്ടുപേർ കൂടി വിജയിക്കും.

ഡൊമിനിക് പ്രസന്റേഷൻ,ജില്ലാ ചെയർമാൻ

യു.ഡി.എഫ്

നില മെച്ചപ്പെടുത്തും

എൽ.ഡി.എഫ് നില മെച്ചപ്പെടുത്തും. അഞ്ചു സിറ്റിംഗ് സീറ്റുകൾക്ക് പുറമെ മൂന്നിടത്തു കൂടി വിജയിക്കും. പ്രകടനപത്രികയും സർക്കാരിന്റെ സത്ഭരണവും ജനങ്ങൾ അംഗീകരിക്കും. ഭരണനേട്ടം എല്ലാ കുടുംബങ്ങളും അനുഭവിച്ചതാണ്. പ്രളയത്തിലും പകർച്ചവ്യാധികളിലും ജനങ്ങൾക്ക് തുണയായ സർക്കാരിണിത്. അവയെല്ലാം വോട്ടർമാർ പരിഗണിക്കും.

സി.എൻ. മോഹനൻ,ജില്ലാ സെക്രട്ടറി

സി.പി.എം

വിജയിക്കാവുന്ന സാഹചര്യം

ഭരണവിരുദ്ധവികാരവും കേന്ദ്രമന്ത്രിമാരുൾപ്പെടെ നടത്തിയ പ്രചാരണവും ഗുണകരമാകും. തൃപ്പൂണിത്തുറയിലും പറവൂരും ജയിക്കാൻ സാഹചര്യമുണ്ട്. അഴിമതിരഹിതഭരണത്തിന് ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികളും ഗുണകരമാകും.

എസ്. ജയകൃഷ്ണൻ,ജില്ലാ ചെയർമാൻ

എൻ.ഡി.എ

വോട്ട് 2016

യു.ഡി.എഫ് : 9

എൽ.ഡി.എഫ് : 5

വോട്ട് ശതമാനം

യു.ഡി.എഫ് : 43.64

എൽ.ഡി.എഫ് : 40.75

എൻ.ഡി.എ : 12.54

മറ്റുള്ളവർ : 2.65