കൊച്ചി: കൊവിഡിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം മാറ്റിയതോടെ സംസ്ഥാനത്തെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. അപകടം, മരണം, പരിക്ക് എന്നിവയുടെ എണ്ണത്തിൽ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് 2021 ജനുവരിയിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം മാർച്ച് 24 മുതൽ മേയ് 31വരെ ലോക്ക് ഡൗണും അതിനുശേഷം സെപ്തംബർ അവസാനംവരെ ഗതാഗത നിയന്ത്രണങ്ങളുമുണ്ടായിരുന്നതിനാൽ അപകടങ്ങൾ ഏറ്റവും കുറഞ്ഞ തോതിലായിരുന്നു.
ഒക്ടോബർ മുതൽ ഉയർന്നു തുടങ്ങിയ ഗ്രാഫ് ഡിസംബറോടെ സംസ്ഥാന ശരാശരിയിലും 2021 ജനുവരിയിൽ സർവകാല റെക്കാഡിലേക്കുമെത്തി.
റോഡപകടം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് സമ്പൂർണ ലോക്ക് ഡൗൺ കാലമായ 2020 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ്. മാർച്ചിൽ 277 അപകടങ്ങളിൽ 291 പേരും ഏപ്രിലിൽ 49 അപകടങ്ങളിൽ 52 പേരും മേയിൽ 141 അപകടങ്ങളിൽ 149 പേരും മരണമടഞ്ഞു. 2011 മുതൽ 2019 വരെ ഓരോ മാസവും മരിച്ചവരുടെ ശരാശരി സംഖ്യ 333 ആണ്. എന്നാൽ ഈ വർഷം ജനുവരിയിൽ 395 പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്.
വർഷം, അപകടങ്ങൾ, മരണം, പരിക്കുപറ്റിയവർ
2016 - 39420 / 4287 / 44108
2017 - 38470/ 4131 / 42671
2018 - 40181 / 4303 / 45458
2019- 41111/ 4440 / 46055
2020- 27877/ 2979 / 30510
2021 (ജനുവരി) 3677/ 395/ 4062
പ്രതിദിന ശരാശരി (വർഷം, അപകടങ്ങൾ, മരണം, പരിക്കുപറ്റിയവർ)
2016 - 108.00 / 11.74 / 120.84
2017 - 105.39 / 11.31 / 116.90
2018 - 110.08 / 11.78 / 124.54
2019 - 112.63 / 12.16 / 126.17
2020 - 76.37 / 8.16 / 83.58
2021 - 117 / 12.74 / 131.03