കൊച്ചി: ദേശീയപാത വികസനത്തിനായി ഇടപ്പള്ളി മുതൽ മൂത്തുകന്നം വരെയുള്ള ഭാഗങ്ങളിൽ ഏറ്റെടുത്തിട്ടുള്ള 30 മീറ്ററിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ സാദ്ധ്യതകൾ ഗൗരവമായി പരിശോധിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. ഇതിനെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തണം. തുറവൂർ മുതൽ അരൂർ വരെ 13 കിലോമീറ്ററിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുവാൻ ഹൈവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തീരുമാനം കൈക്കൊണ്ടിട്ടുള്ള സാഹചര്യത്തിൽ ഇടപ്പള്ളി മൂത്തകുന്നം ദേശീയപാതയിലും എലിവേറ്റഡ് ഹൈവേ നിർമ്മാണമാണ് അനുയോജ്യം. ദേശീയപാതയ്ക്കായി രണ്ടുവട്ടം ഭൂമിയും കിടപ്പാടവും കുടിയൊഴിയേണ്ടിവന്ന ജനങ്ങളെ വീണ്ടും ഒരേ പദ്ധതിക്കായി ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും പ്രളയക്കെടുതി കൂടുതൽ ബാധിച്ച പ്രദേശമെന്ന നിലയിലും ഏറ്റവും അഭികാമ്യം എലിവേറ്റഡ് ഹൈവേ തന്നെയാണെന്നും രാജു പറഞ്ഞു.