കൊച്ചി: മറ്റുജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടം കുറച്ചു വ്യത്യസ്തമാണ്. കൊവിഡിന്റെ പരിമിതിയിൽ നിന്ന് ആവേശം ചോരാതെ പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ പ്രയോഗിച്ചത് പലവിധ തന്ത്രങ്ങളാണ്. ഫോണിൽ സൗമ്യരായി വോട്ടഭ്യർത്ഥിക്കുന്നതുമുതൽ സാമൂഹിക മാദ്ധ്യമങ്ങളുടെ എല്ലാത്തരത്തിലുള്ള സാദ്ധ്യതകളും മുന്നണികളും സ്ഥാനാർത്ഥികളും അണികളും പ്രയോഗിച്ചു. പണച്ചെലവ് ഏറിയാലും ആവേശവും പ്രചാരണ കൊഴുപ്പിന്റെയും പോരായ്മയിൽ വോട്ട് കൈവിട്ടു പോകരുതെന്നണ് മുന്നണികളുടെ പക്ഷം.
മാസ് ലുക്കിൽ സ്ഥാനാർത്ഥികൾ
പഴഞ്ചൻ സ്റ്റൈലുകളൊക്കെ മാറ്റിവച്ച് ഇത്തവണ പുതിയ ഗെറ്റപ്പിലാണ് സ്ഥാനാർത്ഥികൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. ഒരു ഫോൺകോളിലൂടെ പറന്നെത്തി വിവിധ പാക്കേജുകളിലൂടെ സ്ഥാനാർത്ഥികളെ വൈറലാക്കിയ നിരവധി പഹയന്മാർ ജില്ലയിലുണ്ട്. സൂപ്പർ സ്റ്റാറിന്റെ താരപരിവേഷത്തോടെയാണ് ജില്ലയിലെ സ്ഥാനാർത്ഥികൾ അംഗത്തിനിറങ്ങിയത്. ജനങ്ങൾക്കിടയിലുണ്ടാക്കിയ ഇമേജും ആവേശവും ഓട്ടാക്കി മാറ്റാമെന്നാണ് സ്ഥാനാർത്ഥികളുടെ കണക്കുകൂട്ടൽ.
എല്ലാത്തിലും സിനിമാ മയം
മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പരസ്യ ചിത്രങ്ങളും ഫ്ലക്സുകളും കൂടുതലായിരുന്നു ഇത്തവണത്ത തിരഞ്ഞെടുപ്പിൽ. സിനിമ ചിത്രീകരിക്കുന്ന അത്ര പ്രഫഷണലായാണ് ചിത്രീകരിച്ചതും. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോ പരസ്യ ചിത്രങ്ങളുടെ ഭാഗമായി. സിനിമ പോസ്റ്ററുകളുടെയും ഫ്ലക്സുകളുടെയും ശൈലിയിൽ സ്ഥാനാർത്ഥികളുടെയും മുന്നണികളുടെയും പോസ്റ്ററുകളും ഫ്ലക്സുകളും ഇറക്കിയതും പുതുമയുള്ള ആശയങ്ങളായിരുന്നു.
ഫോൺ വിളിച്ചാലും സ്ഥാനാർത്ഥി
കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ പതിവില്ലാത്ത ഒന്നാണ് റിംഗ്ടൂണായും കോളർടൂണായും സ്ഥാനാർത്ഥികളുടെ വോട്ടഭ്യർത്ഥന. ഇതിനായി മൊബൈൽ സേവന ദാതാക്കൾ പ്രത്യേക പാക്കേജുകളും ഇറക്കി. വളരെ സൗമ്യമായി വോട്ടർമാർക്ക് ഒപ്പം തങ്ങൾ ഉണ്ടെന്നുള്ള വിശ്വാസം നേടിയെടുക്കാനുള്ള ശ്രമവും ഇതോടൊപ്പം നടന്നു.
ലൈവായി ലൈവിൽ
സർക്കാരിന്റെ വികസന നേട്ടങ്ങളും കോട്ടങ്ങളും കേന്ദ്രസർക്കാരിന്റെ മികവും വിലയിരുത്തിയുള്ള ലൈവുകൾ ആയിരുന്നു മറ്റൊരു പ്രചാരണ തന്ത്രം. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘങ്ങളെയും മീഡിയ സെല്ലിനെയും രൂപീകരിച്ച് ഇവരുടെ നേതൃത്വത്തിൽ ഓരോ ദിവസവും ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കി ലൈവുകൾ സംഘടിപ്പിച്ചു. ഇതിൽ സ്ഥാനാർത്ഥികൾ, കേന്ദ്ര നേതാക്കന്മാർ, യുവാക്കൾ, വിദ്യാർത്ഥികൾ, പ്രഫഷണലുകൾ തുടങ്ങിയവർ പങ്കെടുത്തു.
ചെറുവീഡിയോകൾ
നേട്ടങ്ങളും കോട്ടങ്ങളും നിരത്തി വീഡിയോകൾ തയാറാക്കി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തും സ്റ്റാറ്റസ് ആക്കി മാറ്റിയും ജനങ്ങൾക്ക് ഇടയിൽ എത്തിക്കുകയായിരുന്നു മറ്റൊരു തന്ത്രം. ഇതിനായി വിവിധ പി.ആർ ഏജൻസികളും രംഗത്ത് എത്തി. ഓരോ പാക്കേജിനും നിശ്ചിത തുക ഈടാക്കി സോഷ്യൽ മീഡിയ പ്രമോഷൻ വരെ ചെയ്തു നൽകുന്ന ടെക്കികൾ ജില്ലയിൽ സജീവമാണ്.
വാട്സ്ടാപ്പ് സ്റ്റിക്കറും ആയുധം
സ്ഥാനാർത്ഥികളുടെയും മുന്നണികളുടെയും ചിത്രങ്ങളും ചിഹ്നങ്ങളും സ്റ്റിക്കറുകളാക്കി പരസ്പരം അയച്ചു കൊടുത്ത് ആകർഷിപ്പിക്കാനും വോട്ടുപിടിക്കാനുമുള്ള ശ്രമങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു.