കൊച്ചി: തൃക്കാക്കരയിലെ പരാജയഭീതി മൂലമാണ് മുഖ്യമന്ത്രിക്കെതിരെ പി.ടി. തോമസ് ആരോപണം ഉന്നയിക്കുന്നതെന്ന് എൽ.ഡി.എഫ്. ഉറപ്പായ പരാജയത്തിന്റെ ഉത്തരവാദിത്വം പി.ടി. തോമസ് ട്വന്റി 20 യുടെമേൽ കെട്ടിവച്ച് മുൻകൂർ ജാമ്യമെടുക്കുകയാണെന്ന് എൽ.ഡി.എഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി സി.കെ. മണിശങ്കർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ചർച്ചയായത് വികസനമുരടിപ്പാണ്. യു.ഡി.എഫ് ഭരണകാലത്ത് കുടിവെള്ളക്ഷാമവും ഗതാഗതക്കുരുക്കും ഉൾപ്പടെ അടിസ്ഥാന വികസനരംഗത്ത് ഒന്നും നടന്നിട്ടില്ല. പിണറായി സർക്കാർ വൈറ്റില ഫ്ളൈഓവർ നിർമ്മിച്ചു. യു.ഡി.എഫ് നിർമ്മിച്ച അഴിമതിയുടെ പഞ്ചവടിപ്പാലം പൊളിച്ച് നൂറുകൊല്ലത്തെ ഉറപ്പുള്ള പുതിയപാലവും പാലാരിവട്ടത്ത് പണിതു. എൽ.ഡി.എഫ് സർക്കാർ പണിത മെട്രോറെയിലിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് തൃക്കാക്കരയ്ക്കാണ്. 10 സ്റ്റേഷനുകൾ മണ്ഡലത്തിലാണ്. വാട്ടർ മെട്രോ ആരംഭിച്ചു. ചമ്പക്കരയിലും പേട്ടയിലും നാലുവരിപ്പാലം നിർമിച്ചു. പാലാരിവട്ടത്തുനിന്നും ഇൻഫോപാർക്കിലേയ്ക്ക് മെട്രൊ നിർമാണം ആരംഭിച്ചു. സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന സിറ്റിംഗ് എം.എൽ.എ കിഫ്ബിക്കെതിരാണ്. മണ്ഡലം നേരിടുന്ന വികസനമുരടിപ്പിന് അറുതി വരുത്താൻ എൽ.ഡി.എഫിന്റെ എം.എൽ.എയുണ്ടാവണമെന്ന ജനവികാരം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.