കൊച്ചി: പ്രതിരോധസേനകളുടെ സംയുക്ത മേധാവി ജനറൽ ബിപിൻ റാവത്ത് മൂന്നു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിലെത്തി. ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതലയേറ്റശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ കൊച്ചി സന്ദർശനമാണിത്.
ഇന്ത്യ ആഭ്യന്തരമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തി. കൊച്ചി കപ്പൽശാലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
നാവികസേനയുടെ പരിശീലനകേന്ദ്രമായ ദക്ഷിണ നാവികത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ എന്നിവ വിലയിരുത്തിയതായും നാവികസേനാ വക്താവ് അറിയിച്ചു. വിവിധ പരിശീലന വിഭാഗങ്ങളും ഡാമേജ് കൺട്രോൾ ട്രെയിനിംഗ് സ്കൂളും സന്ദർശിച്ചു. പരിസ്ഥിതിസംരക്ഷണത്തിന് നാവികസേന സ്വീകരിക്കുന്ന നടപടികളെ അദ്ദേഹം പ്രശംസിച്ചു.