അങ്കമാലി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോസ് തെറ്റയിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ അങ്കമാലി ടൗണിൽ റോഡ് ഷോ നടത്തി. തെറ്റയിലിന്റെ ചിത്രം ആലേഖനംചെയ്ത വെള്ള ടീഷർട്ടണിഞ്ഞ് നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. റോഡ് ഷോയുടെ മുന്നിൽ തുറന്ന വാഹനത്തിൽ ജോസ് തെറ്റയിൽ സഞ്ചരിച്ചു.
അങ്കമാലി മിനി സിവിൽസ്‌റ്റേഷൻ പരിസരത്ത് നിന്നാണ് ജാഥ ആരംഭിച്ചത്. വെള്ളക്കൊടികൾ, വാദ്യ മേളങ്ങൾ, കട്ടൗട്ടുകൾ, പ്ലക്കാർഡുകൾ, ബലൂണുകൾ തുടങ്ങിയ പകിട്ടേകി. അങ്കമാലി ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ്, പ്രസിഡന്റ് പ്രിൻസ് പോൾ, കാലടി ബ്ലോക്ക് സെക്രട്ടറി പി.യു. ജോമോൻ, ജില്ലാകമ്മിറ്റി അംഗം അനീഷ് വർഗീസ്, സച്ചിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.