എറണാകുളം പാലിയംറോഡ് നെന്മനശേരി ഇല്ലത്ത് പരമേശ്വരൻ മൂത്തതും കുടുംബവുമാണ് ചിത്രത്തിൽ. 105 വയസുകാരനായ പരമേശ്വരൻ മൂത്തത് അവിവാഹിതനാണ്. അദ്ദേഹത്തിന്റെ സഹോദര പുത്രൻ പി.എസ്.ഹരിദാസ് (66), ഭാര്യ സുജാത ഹരിദാസ് (56), ഹരിദാസിന്റെ ജ്യേഷ്ഠന്റെ മകൻ എൻ.വി.ശ്രീജിത്ത് (49), ഭാര്യ നീത ശ്രീജിത്ത് (40) എന്നിവരാണ് സമീപം
പരമേശ്വരൻ മൂത്തത് : വോട്ട് എന്റെ അവകാശമാണ്. ഒരു കാലത്തും ചെയ്യാതിരുന്നിട്ടില്ല.ആവതുള്ളിടത്തോളം ബൂത്തിൽ പോയി തന്നെ വോട്ട് ചെയ്യും.അതല്ലേ ഒരു ത്രിൽ.പോസ്റ്റൽ വോട്ടൊന്നും നമുക്ക് ശരിയാവില്ല.നാട്ടുകാരെയെല്ലാം കാണാൻ കിട്ടുന്ന ഒരു അവസരമല്ലേ...അതുകൊണ്ട് പോസ്റ്റൽ വോട്ടിനൊന്നും അപേക്ഷിച്ചില്ല.
പി.എസ്.ഹരിദാസ്- (ഇളംനീല ടീഷർട്ട് )- ആഹാ നാട്ടുകാരെ കാണാനാണോ ബൂത്തിൽ പോകുന്നത്. കോവിഡ് കാലമാണ്. ആരോടും സംസാരിക്കാനൊന്നും പാടില്ല. നേരെ പോയി വോട്ട് ചെയ്യുക, മടങ്ങി വരിക.അത്രയേയുള്ളു. രാഷ്ട്രീയക്കാർക്ക് ജനങ്ങളുടെ വില മനസിലാകുന്ന ദിവസമല്ലേ? അതുകൊണ്ട് ഞങ്ങൾ വോട്ട് പാഴാക്കാറില്ല.
സുജാത ഹരിദാസ്, (ഇളംനീല ബ്ളൗസ്) : അതെ, ഈ കോവിഡ് കാലത്ത് കരുതലോടെ വേണം വോട്ട് ചെയ്യാൻ.മാസ്ക് ധരിക്കണം.സാനിട്ടൈസർ കരുതണം.സാമൂഹിക അകലം പാലിക്കണം. രാവിലെ നേരത്തേ പോയി വോട്ട് ചെയ്യണം.ഇല്ലെങ്കിൽ പിന്നെ തിരക്കായാലോ? എന്തൊക്കെയാണെങ്കിലും വോട്ട് ചെയ്യാതിരിക്കില്ല.വോട്ട് ചെയ്യുന്നത് പൗരധർമ്മമാണ്.
നീത ശ്രീജിത്ത്, (ചുരിദാർ) : അതെ ജനാധിപത്യത്തിൽ വിശ്വാസമുള്ളിടത്തോളം വോട്ടുചെയ്യും.ഇത്തവണ ബൂത്തുകളിൽ വലിയ തിരക്കൊന്നുമുണ്ടാകില്ല. എല്ലാ ജില്ലകളിലും അധികമായി ബൂത്ത് തുറന്നിട്ടുണ്ടല്ലോ. ഞാൻ ആർക്ക് വോട്ട് ചെയ്യണമെന്നൊക്കെ തീരുമാനിച്ച് കഴിഞ്ഞു. പക്ഷെ ആരോടും പറയില്ല. രഹസ്യമാണ്.
ശ്രീജിത്ത്, (കാവിമുണ്ട് ): ആ.... അതൊന്നും പറയാൻ പാടില്ല. വോട്ട് ചെയ്യുന്നതൊക്കെ ഓരോരുത്തരുടെ അവകാശമാണ്.
പാർട്ടി നോക്കിയല്ല എന്റെ വോട്ട് . സ്ഥാനാർത്ഥിയുടെ വ്യക്തിഗുണം നോക്കിയാണ് ഞാൻ വോട്ട് ചെയ്യുന്നത്. ഇനി ഫലം കാത്ത് ഒരു മാസം ഇരിക്കണമല്ലോയെന്ന് ഓർക്കുമ്പോഴാ... ഒരു വിഷമം.