തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചപ്പോൾ ഉദ്വേഗജനകമായി അവശേഷിക്കുന്നത് ഒരേ ഒരു ചോദ്യം. തൃപ്പൂണിത്തുറ ആർക്കൊപ്പം. തൃപ്പൂണിത്തുറ നിയോജകമണ്ഡലം തന്നോടൊപ്പമെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ അവകാശവാദം. മോദി സർക്കാർ വികസനം സാധാരണക്കാരിലെത്തിച്ചുവെന്നതാണ് രാധാകൃഷ്ണന്റെ ആത്മവിശ്വാസത്തിന് വഴിതെളിക്കുന്നത്.

താൻ മണ്ഡലത്തിൽ നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ വികസനം വോട്ടായിമാറുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥി എം. സ്വരാജ്. വാക്കുപാലിക്കാതെ പുകമറ സൃഷ്ടിക്കുന്ന ഇടത് ഭരണത്തിന്റെ കാപട്യം വോട്ടർമാർ തിരിച്ചറിയുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബാബു.

മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ നിയോജകമണ്ഡലം പൂർണമായും ചുറ്റിസഞ്ചരിച്ച് വോട്ടഭ്യർത്ഥിച്ചു കഴിഞ്ഞു. വിട്ടുപോയ വോട്ടർമാരെ ഫോണിലും അല്ലാതെയും ഒരിക്കൽകൂടി വോട്ട് ചോദിച്ചുറപ്പിക്കാനുള്ള കഠിനപ്രയത്നത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കന്മാരും.