പറവൂർ: കഴിഞ്ഞ ദിവസം കടപുഴകി വീണ നമ്പൂരിയച്ചൻ ആലിനെ ആചാരപ്രകാരം ദഹിപ്പിച്ചു. ആലിന്റെ മൂന്നു പ്രധാന ഭാഗങ്ങളാണ് ആൽത്തറയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ചിതയിൽ പൂജാ കർമ്മങ്ങളോടെ ദഹിപ്പിച്ചത്. മനയ്ക്കപ്പടി വേഴപ്പറമ്പ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജകൾ.
പത്തരയോടെ ആരംഭിച്ച ചടങ്ങുകൾ രണ്ടരയോടെ അവസാനിച്ചു. പുതിയ ആൽമരം നടാനുള്ള സമയം നിശ്ചയിക്കുക പത്താമുദയത്തിനു ശേഷമായിരിക്കും. നടാനുള്ള തൈ ക്ഷേത്രസന്നിധിയിൽ നിന്നു തന്നെയാണ് എടുക്കുക. ഒന്നിലധികം തെെകൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്ന് ലക്ഷണമൊത്ത ഒരെണ്ണം തിരഞ്ഞെടുക്കും. ആൽമരം നടീൽ ചടങ്ങുകൾ ദിവസങ്ങൾ നീളും. ഏഴ് ദിക്കിൽ നിന്ന് മന്ത്രങ്ങൾ പഠിച്ചവർ പങ്കെടുക്കണം. ഇവരെ കണ്ടെത്താൻ സമയമെടുക്കും. ആൽമരം നട്ട ശേഷം പ്രതിഷ്ഠയും ക്ഷേത്രം പുതുക്കിപ്പണിയലും ഉണ്ടാകുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സനൽകുമാർ പറഞ്ഞു. പതിമൂന്നംഗ നമ്പൂരിയച്ചൻ ആൽ സംരക്ഷണ സമിതി ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വ നൽകുന്നത്.