police

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ സുസജ്ജമായി പൊലീസ്. ജില്ലയിലെ 3,899 പോളിംഗ് ബൂത്തുക്കളിൽ ഇന്നലെ വൈകിട്ടോടെ സേന വിന്യസിച്ചു. ജില്ലയിലെ ആകെ പൊലീസ് സ്റ്റേഷനുകളെ വിവിധ ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ച് ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കി. 4,309 പൊലീസുകാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമെ 2,080 സ്പെഷ്യൽ ഓഫീസർമാരും കേന്ദ്ര സേനയിൽ നിന്ന് 600 പേരെയും നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, വിജിലൻസ്, റെയിൽവെ പൊലീസ്, ബറ്റാലിയനുകൾ, ട്രെയിനിംഗ് സെന്ററുകൾ,ഫയർഫോഴ്‌സ്, എക്‌സൈസ്, വനം, മറൈൻ എൻഫോഴ്‌സ്‌മെന്റ്, മോട്ടോർ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാവും.

പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 3,899 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1000ലധികം പട്രോളിംഗ് സംഘത്തെയും ഇതിനു പുറമെ നിയോഗിച്ചിട്ടുണ്ട്. അടുത്തടുത്തുള്ള പോളിംഗ് ബൂത്തുകൾ പരമാവധി 15 മിനിറ്റിനുള്ളിൽ ഒരു ടീമിന് ചുറ്റിവരാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെട്ട ഒരു ലാ ആൻഡ് ഓർഡർ പട്രോൾ ടീം, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഓരോ ഇലക്ഷൻ സബ്ബ് ഡിവിഷനിലും പ്രത്യേക പട്രോൾ ടീമും ജില്ലയാകെ റോന്തുചുറ്റും. പ്രശ്‌നബാധിത പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും പോളിംഗ് ബൂത്തുകൾക്കും പ്രത്യേക സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനാൻ സേന തയ്യാറാണെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം റൂറൽ

പൊലീസ് : 2730

സ്പെഷ്യൽ ഓഫീസർ : 1500

സി.എ.ടി.എഫ് : 360

പ്രശ്നബാധിത ബൂത്ത് : 175

ക്രിട്ടിക്കൽ ബൂത്ത് : 9

എറണാകുളം സിറ്റി

പൊലീസ് : 1309

സ്പെഷ്യൽ ഓഫീസർ : 580

സി.എ.ടി.എഫ് : 240

പ്രശ്നബാധിത ബൂത്ത് : 0

ക്രിട്ടിക്കൽ ബൂത്ത് : 9

846 വെബ് കാസ്റ്റിംഗ് ബൂത്ത്

ജില്ലയിലെ ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള 846 ബൂത്തുകളിലാണ് ഇക്കുറി വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ ലൈറ്റിംഗ് ക്രമീകരണം, ഇലക്ടിക്കൽ പവർ പോയിന്റുകൾ, എക്സ്റ്റൻഷനുകളെല്ലാം ഇന്ന് ഉറപ്പാക്കും.സെക്ടറൽ ഓഫീസർമാർക്കാണ് ചുമതല. ട്രയൽ റൺ ദിവസവും ഇലക്ഷൻ ദിവസവും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലും കളക്ടറേറ്റ് കൺട്രോൾ റൂമിലും വെബ്കാസ്റ്റിംഗ് നടക്കുന്ന എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കെ.എസ്.ഇ.ബി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കും.