പള്ളുരുത്തി: ഈസ്റ്റർ തലേന്ന് അഞ്ചേക്കറോളം വരുന്ന കളത്തറ കായലിൽ നടന്ന കെട്ടുകലക്കൽ ഉത്സവം ഹരമായി. പുലർച്ചെയും രാത്രിയുമായി കെട്ടിൽനിന്നും പെടക്കണ മീൻപിടിക്കാൻ സാധിച്ചതിന്റെ ആഹ്ളാദത്തിലാണ് എല്ലാവരും. മാർച്ച് 31ന് കെട്ടിന്റെ കാലാവധി അവസാനിച്ചതിനാൽ പിറ്റേന്ന് ആർക്ക് വേണമെങ്കിലും കെട്ടിൽ ഇറങ്ങി മീൻപിടിക്കാം. കരിമീൻ, തിലോപ്പിയ, പൂളാൻ, ചെമ്മീൻ തുടങ്ങിയ നന്നായി ലഭിച്ചു. കരിമീനിന് കിലോക്ക് 600 രൂപ മുതൽ 800 വരെയായിരുന്നു വില. തിലോപ്പിയക്ക് 250 രൂപയും. കുതിരക്കൂർകരി ഭാഗത്തേക്ക് പോകുന്തോറും വില കുറവായിരുന്നു. ചില മീനുകൾ നാട്ടുകാർക്ക് വലിയ ലാഭത്തിന് ലഭിച്ചു.

കെട്ടിന്റെ കാലാവധി അവസാനിച്ചതോടെ വെള്ളം വറ്റിച്ചിട്ട് അടുത്ത മത്സ്യക്കൃഷിക്ക് തുടക്കം കുറിക്കും. ചെല്ലാനം പഞ്ചായത്തിന്റെ കീഴിലുള്ളതാണ് ഈ സ്ഥലം. ആറുമാസം മത്സ്യക്കൃഷിയും ആറുമാസം നെൽക്കൃഷിയുമാണ് നടത്തേണ്ടത്. എന്നാൽ കഴിഞ്ഞ കുറേവർഷങ്ങളായി ഇവിടെ മത്സ്യക്കൃഷി മാത്രമാണ് നടന്നുവരുന്നത്. എന്നാൽ പഞ്ചായത്തിന്റെ മറ്റു സ്ഥലങ്ങളിൽ പൊക്കാളിക്കൃഷിയും നടന്നുവരുന്നുണ്ട്. ജോലിക്ക് ആളെ കിട്ടാത്തതും കൊയ്ത്ത് സാമഗ്രികൾ ലഭിക്കാത്തതിനാലുമാണ് നെൽക്കൃഷി ചെയ്യാൻ കഴിയാതെ വരുന്നതെന്നാണ് കർഷകർ പറയുന്നത്.