പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. പറവൂർ നിയോജകമണ്ഡലത്തിലേക്കുള്ളവ ഗവ. ഹയർസെക്കൻഡറി സ്കൂളിലും കളമശേരിയിലേക്കുള്ളത് പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലുമാണ് വിതരണം ചെയ്യുക. സജ്ജമാക്കിയ വോട്ടിംഗ് യന്ത്രങ്ങളും മറ്റും ഇവിടെ തയ്യാറാക്കിയ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇരുമണ്ഡലങ്ങളിലും 298 ബൂത്തുകൾ വീതമുണ്ട്. കൊവിഡിന്റെ സാഹചര്യത്തിൽ സാമഗ്രികൾ വാങ്ങാനെത്തേണ്ട സമയം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തിരക്കുകുറയ്ക്കുന്നതിനായി 30 കൗണ്ടറുകൾവീതം ഒരുക്കിയിട്ടുണ്ട്. ടോക്കൺ സംവിധാനത്തിലൂടെയാണ് പോളിംഗ് ഓഫിസർമാരെ കൗണ്ടറിലേക്ക് കടത്തിവിടുക. സാനിറ്റൈസർ, ഷീൽഡ്, മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവയും ഉദ്യോഗസ്ഥർക്ക് നൽകും.

സാമഗ്രികൾ വാങ്ങിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് അവരുടെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് എത്താനായി വാഹനസൗകര്യമുണ്ട്. പ്രിസൈഡിംഗ് ഓഫീസർ, മൂന്നു പോളിംഗ് ഓഫീസർമാർ, പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറുപേരാണ് ഓരോ ബൂത്തിലുമുണ്ടാകുക. പോളിംഗിനുശേഷം പറവൂരിലെ യന്ത്രങ്ങൾ ഗവ. ഹയർസെക്കൻഡറി സ്കൂളിലും കളമശേരിയിലേത് പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലും തിരികെ എത്തിക്കും. ഇതേ വിദ്യാലയങ്ങളിൽ തന്നെയാണ് വോട്ടെണ്ണലും നടക്കുക.

ആറ് സ്ഥാനാർഥികളാണ് പറവൂർ നിയോജകമണ്ഡലത്തിലുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൺ, ബി.എസ്.പി സ്ഥാനാർത്ഥി എൻ.കെ. ബിജു, യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ, എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ്, സ്വതന്ത്ര സ്ഥാനാർത്ഥികളായ പ്രശാന്ത്, സത്യനേശൻ ഏഴിക്കര എന്ന ക്രമത്തിലാണ് യന്ത്രത്തിൽ പേരും ചിത്രവും ചിഹ്നവും പതിച്ചിരിക്കുന്നത്. ഏഴാമതായി നോട്ട കൊടുത്തിട്ടുണ്ട്.