തൃക്കാക്കര: ഊണും ഉറക്കവും ഉപേക്ഷിച്ച് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പുവിഭാഗം ജീവനക്കാർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ടി.മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചിന്ത സുഗമമായി പിഴവുകളൊന്നുമില്ലാതെ വോട്ടെടുപ്പും വോട്ടെണ്ണലും നടക്കണമെന്നുമാത്രം.
മേലധികാരികൾ മുതൽ താഴെ തട്ടിലുള്ള ജീവനക്കാർ വരെ കൈ മെയ് മറന്ന് ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അപൂർവ കാഴ്ചയാണ് കളക്ടറേറ്റിൽ.
14 നിയോജകമണ്ഡലങ്ങളിലായി 3899 ബൂത്തുകളിലേക്ക് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞതോടെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
ആയിരം കഴിഞ്ഞാൽ രണ്ട് ബൂത്ത്
ആയിരത്തിന് മുകളിൽ വോട്ടുള്ള ബൂത്തുകൾ രണ്ടാക്കി വിഭജിച്ചിട്ടുണ്ട്. കൊവിഡ് കണക്കിലെടുത്ത് തിരക്ക് കുറക്കാനാണിത്
3899 പോളിംഗ് ബൂത്തുകൾ
ജില്ലയിൽ ആകെ 3899 പോളിംഗ് ബൂത്തുകളുണ്ട്. അതിൽ 2252 പ്രധാനപോളിംഗ് ബൂത്തുകളിൽ1647 എണ്ണം അഡിഷണൽ ബൂത്തുകളാണ്.
• ബൂത്തിൽ നാല് ജീവനക്കാർ ഉണ്ടാകും. സാനിറ്റൈസ് ചെയ്യാൻ പ്രത്യേകം ആളുണ്ട്
• വോട്ടിംഗ് ഏഴു മുതൽ വൈകീട്ട് ഏഴുവരെ
• വൈകീട്ട് ആറുമണിക്ക് ശേഷം കൊവിഡ് രോഗികൾക്ക് പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ടുചെയ്യാം
ഇരട്ട വോട്ട് പ്രശ്നം നേരിടും
ജില്ലയിൽ ഇരട്ട വോട്ടുകൾ, മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ എന്നിവരുടെ ലിസ്റ്റ് ബി.എൽ.ഓമാർ വീടുകളിലെത്തി ശേഖരിച്ചിരുന്നു. ഇവരുടെ പേരുകൾ മാർക്ക് ചെയ്ത പട്ടികയാണ് പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്.
.