accident

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട സ്കൂട്ടർ പുഴക്കടവിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പേട്ടയ്ക്ക് സമീപത്തെ ഹുസൈൻ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അടിമാലി കോച്ചേരിയിൽ ബെൻസ് പോളിന്റെ മകൻ ബേസിൽ (28)ആണ് മരിച്ചത് . ആരക്കുഴ റോഡിലെ തെക്കൻകോടിന് സമീപത്തെ മഠത്തിൽക്കടവിൽ ശനിയാഴ്ച രാത്രി ഒന്നരയോടെയായിരുന്നു അപകടം. ബേസിലും സുഹൃത്ത് അലൻ ജോയിലും സഞ്ചരിച്ച സ്കൂട്ടർ കുളിക്കടവിന് മുകളിൽ വരെയുള്ള റോഡിൽ നിന്ന് നടകളിലൂടെ താഴേക്ക് ഓടിയിറങ്ങി മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ഉടൻ പിന്നിലിരുന്ന അലൻ വണ്ടിയിൽ നിന്ന് എടുത്തു ചാടിയതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. അലനെ നിർമ്മല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ബേസിൽ അപകടസ്ഥലത്തു തന്നെ മരിച്ചു. അലൻ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞതിനെത്തുടർന്നാണ് അപകടം പുറത്തറിഞ്ഞത്. വിജനമായ പ്രദേശത്താണ് ഈ കടവ്. കടവിലേക്കുള്ള റോഡിന്റെ ടാറിംഗ് അവസാനിക്കുന്നിടത്ത് സ്‌പീഡ് ബ്രേക്കറോ അപായസൂചനാ ബോർഡുകളോ ഇല്ല. സ്കൂൾ-കോളേജ് വിദ്യാർത്ഥികളും ലഹരി സംഘങ്ങളുമെല്ലാം കൂട്ടമായി ഈ കടവിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും ഒത്തുചേരുന്നുവെന്ന പരാതി സമീപവാസികൾക്കുണ്ട്.