ആലുവ: കലാശക്കൊട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയതോടെ മുക്കിലും മൂലയിലും റോഡ് ഷോകൾ സംഘടിപ്പിച്ച് ആലുവയിൽ മുന്നണികളുടെ പടയോട്ടം. സാധാരണ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ മൂന്ന് മുന്നണികളും നൂറുക്കണക്കിന് പ്രവർത്തകരെ അണിനിരത്തി സംഘടിപ്പിക്കുന്ന കലാശക്കൊട്ട് ഇക്കുറി ഒഴിവായി. പകരമാണ് വിവിധ ഭാഗങ്ങളിൽ റോഡ് ഷോ നടന്നത്.
യു.ഡി.എഫ് യുവജന സംഘടനകൾ നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബൈപ്പാസിൽ നിന്നാരംഭിച്ച റാലിയിൽ സ്ഥാനാർത്ഥി അൻവർ സാദത്ത് ഉൾപ്പെടെ പങ്കെടുത്തു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. ചെയർമാൻ ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജെബി മേത്തറും പങ്കെടുത്തു.
എൽ.ഡി.എഫ് പ്രവർത്തകർ ടൗൺ ഹാൾ പരിസരത്തു നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് റാലി നടത്തി. കാവടിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയുള്ള റാലി 20 മിനിറ്റോളം റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ തമ്പടിച്ചു. സ്ഥാനാർത്ഥി ഷെൽന നിഷാദും പങ്കെടുത്തു. ജി.സി.ഡി.എ ചെയർമാൻ വി. സലീം, രാജീവ് സക്കറിയ എന്നിവർ നേതൃത്വം നൽകി.
എൻ.ഡി.എ പ്രവർത്തകർ നഗരം ചുറ്റി റോഡ് ഷോ സംഘടിപ്പിച്ചു. സ്ഥാനാർത്ഥി എം.എൻ. ഗോപി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.എൻ. ഗോപി എന്നിവർ റോഡ് ഷോയിൽ പങ്കെടുത്തു.
ആലുവയിൽ അവസാന മണിക്കൂറിലും സ്ഥാനാർത്ഥികൾ വീടുകൾ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായതിനാൽ വിട്ടുപോയ കോളനികളിലായിരുന്നു സന്ദർശനം. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ആവണംകോട് കോളനി, തെമാലിപ്പുറം കോളനി, ലക്ഷം വീട്, ശ്രീഭൂതപുരത്ത് ഐ.എച്ച്.ഡി.പി കോളനി, ആനക്കാടൻ കോളനി എന്നിവിടങ്ങൾ സന്ദർശിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് അയൽവാസികളെ സന്ദർശിക്കാനാണ് കൂടുതൽ ശ്രദ്ധിച്ചത്. കൂടാതെ ചൂർണിക്കര എസ്.പി.ഡബ്ല്യു സ്‌ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിലും പങ്കെടുത്തു. തുടർന്ന് കാഞ്ഞൂരിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.
'പുതിയ ആലുവയ്ക്ക്' എന്ന മുദ്രാവാക്യവുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി പ്രചരണം നടത്തുന്നത്. 20 കൊല്ലമായി നിർമ്മാണം മുടങ്ങിയ റോഡും ഏഴ് കൊല്ലമായി പൊളിച്ചിട്ട മാർക്കറ്റുമാണ് ഉയർത്തി കാണിക്കുന്നത്. തിരുവൈരാണിക്കുളം ആവൂർ ചാത്തന്റെ ക്ഷേത്ര ദർശനം നടത്തി. ശിവപാർവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹം തേടുകയും ചെയ്തു.