കളമശേരി: കളമശേരി മണ്ഡലത്തെ ഉടനീളം ഇളക്കി മറിച്ച വമ്പൻ വാഹനറാലിയോടെയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന്റെ പരസ്യതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്നലെ സമാപനമായത്. കൊട്ടിക്കലാശത്തിന് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും പ്രചാരണാവേശം കൊടുമുടിയേറി. നൂറുകണക്കിന് വാഹനങ്ങളിൽ ചെങ്കൊടിയുമായി റോഡ് ഷോയിൽ അണിനിരന്നപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി.
ഉച്ചയ്ക്ക് കുന്നുകര അയിരൂരിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് വെളിയത്തുനാട്, കരുമാല്ലൂർ, പടിഞ്ഞാറെ കടുങ്ങല്ലൂർ, പാതാളം, ഫാക്ട്, ഗ്ലാസ് കോളനി വഴി ഏഴുമണിയോടെ എച്ച്എംടി കവലയിൽ സമാപിച്ചു. തുടർന്ന് ഹിദായത്ത് നഗറിലേയും സെന്റ് ജോസഫ്‌സ് കോളനിയിലേയും വീടുകളിലെത്തി വോട്ടഭ്യർത്ഥിച്ചു.
തന്റെ വീടിനു സമീപത്തുള്ള കുസാറ്റ് മൈതാനത്ത് പ്രഭാത സവാരിക്കിറങ്ങിയവരോട് പിന്തുണ തേടിക്കൊണ്ടായിരുന്നു പ്രചാരണത്തിന് തുടക്കംകുറിച്ചത്.