photo
വൈപ്പിനിലെ എൽ.ഡി. എഫ്. സ്ഥാനാർത്ഥി കെ. എൻ. ഉണ്ണിക്കൃഷ്ണന് നൽകിയ വരവേൽപ്പ്

വൈപ്പിൻ: പരസ്യപ്രചാരണത്തിന്റെ അവസാനനാളിൽ ജനമദ്ധ്യത്തിൽ നിലയുറപ്പിച്ച് വോട്ടാവേശം ഉച്ചകോടിയിലെത്തിച്ച് വൈപ്പിനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ. പലതവണ ശ്രമിച്ചിട്ടും നേരിൽക്കാണാനാകാതെ പോയവരെ വീടുകളിലെത്തി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ഭാഗമായി കടമക്കുടി, പള്ളിപ്പുറം, ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ, നെടുങ്ങാട്, എളങ്കുന്നപ്പുഴ, വളപ്പ്, പുതുവൈപ്പ്, ബോൾഗാട്ടി എന്നിവിടങ്ങളിലെത്തി. കുടുംബയോഗങ്ങളിലും സൗഹൃദസദസുകളിലും പങ്കെടുത്തു. ബൂത്തുകമ്മിറ്റി ഓഫീസുകളും സന്ദർശിച്ചു.

ചെറായി ഒ.എൽ.എച്ച് കോളനിയിൽ പദയാത്ര നടത്തി. തൃക്കടക്കാപ്പിള്ളിയിലും ലക്ഷംവീട് കോളനിയിലും മുതിർന്ന പൗരന്മാരെയും രോഗാവശതകളാൽ വിശ്രമിക്കുന്നവരെയും വീട്ടിലെത്തി സന്ദർശിച്ചു. മുൻ എം.എൽ.എ വി.കെ. ബാബുവിന്റെ വീട്ടിലെത്തി ക്ഷേമാന്വേഷണം നടത്തി. റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശനെയും സന്ദർശിച്ചു. പുതുവൈപ്പ് പണ്ടാരപ്പറമ്പിൽ കുടുംബത്തിലെത്തി പിന്തുണയും അനുഗ്രഹവും തേടി.