നെടുമ്പാശേരി: 38 -ാം വയസിൽ കന്നി വോട്ട് രേഖപ്പെടുത്തിയതിന്റെ ത്രില്ലിലാണ് നിഷ. നെടുമ്പാശേരി ആവണംകോട് പുളിയാമ്പിള്ളിൽ വീട്ടീൽ പി.കെ. ഗോപിയുടെ മകൾ നിഷക്ക് ഒരു വയസുള്ളപ്പോൾ പോളിയോ ബാധിച്ച് ഇരുകാലിനും സ്വാധീനം നഷ്ടപ്പെടുകയായിരുന്നു.
നടക്കാൻ സാധിക്കാത്ത നിഷ പ്രായപൂർത്തിയായതിനെ തുടർന്ന് വോട്ടർപ്പട്ടികയിൽ പേരുണ്ടായിട്ടും ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ഇക്കുറി കൊവിഡ് രോഗികൾക്കും 80 വയസ് കഴിഞ്ഞവർക്കും, ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് ചെയ്യുവാൻ അവസരം നൽകിയതാണ് നിഷയ്ക്ക് കന്നിവോട്ടിന് വഴിയൊരുക്കിയത്. പിതാവ് ഗോപി കോൺഗ്രസ് ബൂത്ത് പ്രസിഡന്റാണ്.