വൈപ്പിൻ: പുതിയതായി രൂപീകരിച്ച മുനമ്പം പൊലീസ് സബ്ഡിവിഷനിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്‌പെഷ്യൽ ഓഫീസർ ഉൾപ്പെടെ 659പേരെ വിന്യസിച്ചു. ഇതിൽ 9 എസ്.എച്ച്.ഒമാരും 60 സബ് ഇൻസ്‌പെക്ടർമാർ, റെയിൽവേ പൊലീസ്, എക്‌സൈസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് പൊലീസ് എന്നിവരുമുണ്ട്. 70പേർ കേന്ദ്രസേനയിൽപെട്ടവരും 339പേർ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചവരുമാണ്.
മുനമ്പം, ഞാറക്കൽ, പറവൂർ, വരാപ്പുഴ, വടക്കേക്കര, പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെട്ടതാണ് മുനമ്പം സബ്ഡിവിഷൻ. പറവൂർ, വൈപ്പിൻ, കളമശേരി മണ്ഡലങ്ങളിൽപെട്ട 308 പ്രധാനബൂത്തുകളും 225 സഹായബൂത്തുകളുമുൾപ്പെടെ 533 ബൂത്തുകളാണ് സബ്ഡിവിഷനുകീഴിൽ വരുന്നത്. ഇതിൽ വരാപ്പുഴ അതിർത്തിയിൽ വരുന്ന ഏഴുബൂത്തുകൾ മാത്രമേ കളമശേരിയിലേതുള്ളു. ബാക്കി പറവൂരിലെ 175 ബൂത്തുകളും വൈപ്പിനിലെ 148 ബൂത്തുകളിൽ വല്ലാർപാടം, മുളവുകാട്, കടമക്കുടി ഒഴിച്ച് ബാക്കി 126 ബൂത്തുകളും ഉൾപ്പെടുന്നതാണ് മുനമ്പം ഡിവിഷനിൽ വരുന്ന പ്രധാനബൂത്തുകൾ. ഇതിൽ 46 ബൂത്തുകളാണ് സെൻസിറ്റീവ് ബൂത്തുകൾ. ഇവിടെ പൊലീസിനുപുറമേ കേന്ദ്രസേനകളെയും വിന്യസിച്ചിട്ടുണ്ട്.
ബൂത്തുകൾ നിലകൊള്ളുന്ന 10 കെട്ടിടങ്ങൾക്കായി ഒരു ഗ്രൂപ്പ് ഓഫീസറെന്ന കണക്കിൽ 17ഗ്രൂപ്പ് പട്രോൾസംഘവും 12 ലോ ആൻഡ് ഓർഡർ പട്രോൾ സംഘവും പോളിംഗ് സ്റ്റേഷൻ സദാനീരീക്ഷിച്ചുകൊണ്ടിരിക്കും. അടിയന്തരഘട്ടങ്ങളിൽ എത്താൻ ഓരോ ഡിവൈ.എസ്.പി സ്‌ട്രൈക്ക് ഫോഴ്‌സും എസ്.പി സ്‌ട്രൈക്ഫോഴ്‌സും സജ്ജമായിട്ടുണ്ട്. ഡ്യൂട്ടി വിന്യാസത്തിന്റെ ഭാഗമായി ഇന്നലെ മുനമ്പം ഡിവൈ.എസ്.പി ആർ. ബൈജുകുമാറിന്റെ നേതൃത്വത്തിൽ ബീച്ച് റിസോർട്ട് ഹാളിൽ ബ്രീഫിംഗ് നടത്തി.