ആലുവ: വർഗീയ കക്ഷികളുമായി കൂട്ടുകൂടില്ലെന്ന് തുടർച്ചയായി അവകാശവാദമുന്നയിക്കുന്ന എൽ.ഡി.എഫ് നേതാക്കളും സ്ഥാനാർത്ഥിയും ആലുവയിൽ പി.ഡി.പിയുടെ വേദി പങ്കിട്ടത് എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തോട്ടുമുഖം വൈ.എം.സി.എയിൽ നടന്ന പി.ഡി.പി ആലുവ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വേദി പങ്കിട്ടത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസും യു.ഡി.എഫും ആരോപണവുമായി രംഗത്തെത്തിയത്. ബി.ജെ.പിയുമായുള്ള രഹസ്യബന്ധത്തിന് പുറമേ പി.ഡി.പിയുമായി പരസ്യബന്ധം ഉറപ്പിച്ചതിന്റെ തെളിവാണിതെന്നാണ് ആരോപണം. നേരത്തെ പി.ഡി.പിയുമായി ബന്ധം സ്ഥാപിച്ചതിനെത്തുടർന്ന് സി.പി.എമ്മിനുണ്ടായ തിരഞ്ഞെടുപ്പ് തോൽവി മുൻനിർത്തി ബന്ധം ഉപേക്ഷിച്ചതാണ്. എന്നാൽ വീണ്ടും പരസ്യബന്ധം സ്ഥാപിച്ചത് അധികാരകൊതിയുടെ തെളിവാണ്. ഇതിന് ജനം തിരിച്ചടി നൽകുമെന്നു ബാബു പുത്തനങ്ങാടി പറഞ്ഞു.