കൊച്ചി: എത്ര പരാതികൾ നൽകിയിട്ടും സമരം ചെയ്തിട്ടും ഫലമില്ല. വരാപ്പുഴ എൻ.എൻ.ഡി.പി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ മണിക്കൂറോളം കാത്തുകിടക്കാനാണ് യാത്രക്കാരുടെ വിധി. രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് ഏറെ രൂക്ഷമാകുന്നത്.
അശാസ്ത്രീയമായി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിച്ചതാണ് യാത്രക്കാരെ വെട്ടിലാക്കിയത്. അത് നിയന്ത്രിക്കാൻ മതിയായ സംവിധാനങ്ങളില്ലാത്തതിനാൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ പെരുവഴിയിൽ കിടക്കേണ്ടിവരുന്നു. പാലത്തിലേക്കുള്ള 200 മീറ്റർ ദൂരം താണ്ടണമെങ്കിൽ മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയാണ്. നിത്യേനയുള്ള കുരുക്കും അപകടങ്ങളും വരാപ്പുഴയെ ശ്വാസംമുട്ടിക്കുമ്പോഴും അധികൃതർക്ക് അനക്കമില്ല.
ബ്ലോക്കോട് ബ്ലോക്ക്
വരാപ്പുഴ ടൗൺ, മാർക്കറ്റ്, വ്യവസായ മേഖലയിലേക്ക് കടക്കുന്നതിനുള്ള മണ്ണംതുരുത്ത് ഫെറി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും എസ്.എൻ.ഡി.പി ജംഗ്ഷനിൽ എത്തിയാണ് കടന്നുപോകുന്നത്. വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്നുതിരിയാൻ ഇടമില്ലാതെയായി. വരാപ്പുഴ മാർക്കറ്റിലേക്ക് മാത്രം ആയിരക്കണക്കിന് വാഹനങ്ങളാണ് എസ്.എൻ.ഡി.പി ജംഗ്ഷനിലെത്തി തിരിഞ്ഞുപോകുന്നത്. റോഡ് മുറിച്ചുകടക്കണമെങ്കിൽ ഏറെനേരം കാത്തുകിടക്കണം. അമിതവേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ ഇവിടെ അടിക്കടി അപകടത്തിൽപ്പെടുകയാണ്. അപകടങ്ങൾ വർദ്ധിച്ചിട്ടും ജംഗ്ഷൻ വിപുലീകരണത്തിനോ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുന്നതിനോ പദ്ധതി തയ്യാറാക്കുവാൻ അധികൃതർക്കാവുന്നില്ല.
എവിടെപ്പോയി തുരങ്കപ്പാത
എസ്.എൻ.ഡി.പി.ജംഗ്ഷനിൽ തുരങ്കപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനായി പ്രദേശവാസികളിലും യാത്രക്കാരിൽ നിന്നും ഒപ്പുശേഖരണം നടത്തിയിരുന്നു. പഞ്ചായത്ത് തുരങ്കപ്പാതയ്ക്കായി പ്രമേയം പാസാക്കി ബന്ധപ്പെട്ട വകുപ്പിനും കൈമാറി. എന്നാൽ പിന്നീട് ഒന്നും നടന്നില്ല. അതേസമയം വരാപ്പുഴ പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയപ്പോൾ അപ്രോച്ച് കടന്നുപോകുന്ന എസ്.എൻ.ഡി.പി ജംഗ്ഷനിൽ തുരങ്കപ്പാത നിർമിക്കണമെന്ന നിർദേശവുമുണ്ടായിരുന്നു. കാര്യമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു.
വരാപ്പുഴയിൽ എല്ലാ ദിവസവും ബ്ലോക്കാണ്. രാവിലെയും വൈകിട്ടും മണിക്കൂറുകളോളമാണ് കുരുക്കിൽ കിടക്കേണ്ടിവരുന്നത്. പതിവായി വൈകി എത്തുന്നത് ജോലിയേയും ബാധിച്ചു.
ഷാരോൺ,
പറവൂർ സ്വദേശി