തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങി മരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനുമോഹന്റെ അടുത്ത സുഹൃത്ത് തിരുവനന്തപുരം സ്വദേശി എസ്.ഉണ്ണിക്കൃഷ്ണനെ പൊലീസ് ഇന്നലെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഡി.സി.പി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ . സാനുവിന്റെ ഭാര്യ രമ്യയെയും ബന്ധുക്കളെയും ഇന്നലെ ഇവിടേക്ക് വിളിപ്പിച്ചിരുന്നു.
സാനു മോഹന്റെ കുടുംബവുമായും അടുത്ത ബന്ധമുളളയാളാണ് ഉണ്ണികൃഷ്ണൻ. പൂനെയിൽ വച്ചുതന്നെ ഇവർ സുഹൃത്തുക്കളാണ്. സാനുവിന്റെ ഫോൺ കാളുകളിൽ നിന്നാണ് ഉണ്ണികൃഷ്ണനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പൊലീസിന്റെ അനുമതിയില്ലാതെ സംസ്ഥാനം വിടരുതെന്ന നിർദേശവും ഇയാൾക്ക് നൽകിയിട്ടുണ്ട്.
-സാനു സുഹൃത്ത്
മാത്രമെന്ന്
സാനു മോഹൻ സുഹൃത്ത് മാത്രമാണെന്ന് ഉണ്ണികൃഷ്ണൻ പൊലീസിനോട് പറഞ്ഞു. മുമ്പ് ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. വൈഗയുടെ മരണ ശേഷം സാനു മോഹനുമായി സംസാരിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല.
• സിനിമയും നിർമ്മിച്ചു
2016ൽ റിലീസ് ചെയ്ത എൽ.ബി.ഡബ്ള്യു എന്ന ന്യൂജനറേഷൻ സിനിമ നിർമ്മിച്ചയാളാണ് ഉണ്ണികൃഷ്ണൻ. സാനുവും ഈ സിനിമയിൽ പങ്കാളിയായിട്ടുണ്ടെന്നാണ് സൂചന. നവാഗതരായിരുന്നു അഭിനേതാക്കളെല്ലാം. ബി.എൻ.ഷജീർ ഷായാണ് സംവിധാനം ചെയ്തത്.