കൊച്ചി: ശേഷിക്കുന്നത് ഒരു പകൽ നീളുന്ന നിശബ്ദ പ്രചാരണം മാത്രം. നാളെ ജില്ലയിലെ 2649340 വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്. നിർണാകയമായ തിരഞ്ഞെടുപ്പിൽ ജനവിധി കുറിക്കപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രം. ജില്ല പതിവുപോലെ വലത്തോട്ട് ചായുമോ അതോ ചെങ്കൊടിയേന്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ചലനങ്ങൾ ഉണ്ടാക്കുമെന്നതിനാൽ തന്നെ മൂന്ന് മുന്നണികൾക്കും തിരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്. കൈയിലുള്ള സകല ആയുധങ്ങളും പയറ്റിയാണ് ഭരണപ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തെ നേരിട്ടത്.
അതേസമയം കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുണ്ടായിരുന്നെങ്കിലും മിക്കയിടത്തും പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ കൊട്ടിക്കലാശത്തിന്റെ ആവേശത്തലേക്ക് വഴിമാറി. വിലക്ക് ലംഘിക്കാത്ത രീതിയിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചതെങ്കിലും അണികളുടെ ആവേശം നേതാക്കൾക്ക് പലയിടത്തും പിടിച്ചു നിർത്താനായില്ല.കൊടിയും തോരണങ്ങളും വീശി അവർ 'കൊട്ടില്ലാത്ത കലാശം' ആഘോഷമാക്കി. ജില്ലയിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന തൃപ്പൂണിത്തുറ, കളമശേരി, കുന്നത്തുനാട് മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ആവേശത്തോടെയാണ് അവസാനിപ്പിച്ചത്. ജില്ലയിൽ ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈസ്റ്റർ ദിവസമായതിനാൽ മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയത്.വികസനം തൊട്ട് വിശ്വാസം വരെ ചർച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്ന് മുന്നണികളുടേയും സംസ്ഥാന ദേശീയ നേതാക്കൾ രംഗത്ത് എത്തിയാണ് കൊഴുപ്പിച്ചത്. സർക്കാറിന്റെ പ്രവർത്തനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നതിനാൽ തന്നെ മികച്ച ജയമാണ് എൽ.ഡി.എഫ് ജില്ലയിൽ ലക്ഷ്യമിടുന്നത്. എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വർണക്കടത്തും മറ്റ് അഴിമതികളെല്ലാം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. അതേസമയം ജില്ലയിൽ അട്ടിമറി ജയമാണ് എൻ.ഡി.എയുടെ ലക്ഷ്യമിടുന്നത്.
ആകെ ബൂത്ത് 3899
പുരുഷൻ :1295142
വനിത: 1354171
ട്രാൻസ്‌ജെൻഡർ:27
കന്നിവോട്ടർമാർ :93,359
ഒഴിവാക്കിയത്:1951
എൻ.ആർ.ഐ: 18