നെടുമ്പാശേരി: മാസ്കില്ലാത്തതിന്റെ പേരിൽ മദ്യം നൽകാത്തതിൽ പ്രകോപിതനായ യുവാവ് ബിവറേജസ് ജീവനക്കാരനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി മുറിവേറ്റ നെടുമ്പാശേരിയിലെ ബിവറേജസ് കോർപ്പറേഷൻ ഒൗട്ട്ലെറ്റിലെ ജീവനക്കാരൻ ചേരാനല്ലൂർ സ്വദേശി സേവ്യർ തോമസിനെ (56) ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. വൈകിട്ട് നാല് മണിയോടെ ഷോപ്പിലെത്തിയ പ്രതിക്ക് മാസ്കില്ലാത്തതിനാൽ മദ്യം നൽകാൻ ജീവനക്കാർ തയ്യാറായില്ല. മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവഗണിക്കുകയും ധിക്കാരപൂർവ്വം ഷോപ്പിനകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ജീവനക്കാർ ഇയാളെ പുറത്തേക്ക് തള്ളിയിറക്കി. ഒന്നര മണിക്കൂറോളം ഓട്ടോറിക്ഷയിൽ പതുങ്ങിയിരുന്ന പ്രതി സേവ്യർ ചായ കുടിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ പിന്നിലൂടെ വന്ന് തലക്കടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.

മദ്യഷോപ്പ് ജീവനക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശിശുകുമാർ ആവശ്യപ്പെട്ടു.