കൊച്ചി: കേരള പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യജയം. ഒറ്റ ഗോളിന്റെ കരുത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയത്തേരിലേറിയത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ ഗോൾഡൻ ത്രെഡ്‌സ് എഫ്.സിയെയാണ് വീഴ്ത്തിയത്. രണ്ടാം പകുതിയിൽ (55) മുന്നേറ്റ താരം നിഹാൽ സുധീഷിന്റെ പെനാൽറ്റി ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയമൊരുക്കിയത്. ആദ്യജയത്തോടെ ഗോൾഡൻ ത്രെഡ്‌സിനെ പിന്തള്ളി ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് കയറി. സെമിസാദ്ധ്യതകൾ ഉറപ്പിക്കാൻ ഇരുടീമുകൾക്കും ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
പ്രതിരോധ താരം ജോസഫ് ടെറ്റെ കളിയുടെ 43ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് കളിയുടെ പകുതിയിലേറെ സമയവും പത്തു പേരായാണ് ഗോൾഡൻ ത്രെഡ്‌സ് കളിച്ചത്. 55ാം മിനിട്ടിൽ നിഹാൽ സുധീഷിനെ ഫൗൾ ചെയ്തതിന് റഫറി ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ പെനാൽറ്റി വിധിച്ചു. പന്തെടുത്ത നിഹാൽ ലക്ഷ്യം കാണുകയായിരുന്നു. അതേസമയം ജോസഫ് ടെറ്റെയ്ക്ക് റെഡ് കാർഡ് നൽകുകയും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ്‌ഴിന് പെനാൽറ്റി നൽകുകയും ചെയ്ത റഫറിയുടെ തീരുമാനം തീർത്തും തെറ്റായിരുന്നുവെന്ന ആരോപണവുമായി ഗോൾഡൻ ത്രെഡ്‌സ് എഫ്.സി രംഗത്തെത്തി. റഫറിയിംഗിലെ പിഴവുകൾക്കെതിരെ കെ.എഫ്.എക്കെതിരെ പരാതി നൽകിയെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.