കൊച്ചി: എറണാകുളം നോർത്തിൽ ത്രാസുകൾ വിൽക്കുന്ന സ്ഥാപനത്തിന് തീപിടിച്ച് രണ്ട് ലക്ഷത്തോളം രൂപയുടെ ഉത്പന്നങ്ങൾ നശിച്ചു. ലിസി ജംഗ്ഷന് സമീപം സൗഹൃദാ ലൈനിൽ എൽമാ സിസ്റ്റം എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ എറണാകുളം ഗാന്ധിനഗർ ഫയ‌ർഫോഴ്സ് യൂണിറ്ര് തീ നിയന്ത്രണ വിധേയമാക്കി. എൽമാ സിസ്റ്റത്തിന് സമീപം ഒരു ഹോട്ടൽ പ്രവൃത്തിക്കുന്നുണ്ട്. ഇവരുടെ അടുക്കള ഈ കടയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും തീപ്പൊരി വീണാകാം തീപിടിച്ചതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.എറണാകുളം സ്വദേശി മഹിപാൽ ശങ്കറിന്റേതാണ് സ്ഥാപനം. നന്നാക്കാൻ കൊണ്ടുവന്ന ത്രാസുകളാണ് അധികവും അഗ്നിക്ക് ഇരയായത്. എ.എസ്.പി.ഒ എം.ആർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.